X
    Categories: Video Stories

‘മഹ്‌റം’ കൂടെയില്ലാതെ ഹജ്ജ്; സൗദിയുടെ നയംമാറ്റത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള മോദിയുടെ ശ്രമം പൊളിയുന്നു

ന്യൂഡല്‍ഹി: 45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്, നിബന്ധനകള്‍ക്കു വിധേയമായി ‘മഹ്‌റം’ പുരുഷന്മാര്‍ കൂടെയില്ലാതെ ഹജ്ജ് ചെയ്യാമെന്ന സൗദി അറേബ്യന്‍ തീരുമാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം പൊളിയുന്നു. സൗദി അറേബ്യ നടപ്പാക്കിയ ഈ സമാശ്വാസ പദ്ധതിയെ, ബി.ജെ.പി സര്‍ക്കാറിന്റെ നേട്ടമായി ഈ മാസത്തെ ‘മന്‍ കി ബാത്ത്’ പ്രഭാഷണത്തിലാണ് മോദി വിശേഷിപ്പിച്ചത്. എന്നാല്‍, ഹജ്ജുമായി ബന്ധപ്പെട്ട മഹ്‌റം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിശകലനങ്ങളില്‍ വ്യക്തമാകുന്നു.

ഹജ്ജിനെത്തുന്ന സ്ത്രീകളുടെ കൂടെ ‘മഹ്‌റം’ ആയ പുരുഷന്‍ (പിതാവ്, ഭര്‍ത്താവ്, മകന്‍, രക്തബന്ധമുള്ള മറ്റാരെങ്കിലും) കൂടെയുണ്ടാകണമെന്നാണ് സൗദി നിയമം. 2012-ല്‍ മഹ്‌റം കൂടെയില്ലാതെ നൈജീരിയയില്‍ നിന്നു വന്ന ആയിരത്തിലധികം വനിതകളെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കാതെ മടക്കിയയച്ച നടപടി വിവാദമായിരുന്നു.

നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ഈയിടെ സൗദി മഹ്‌റം വിഷയത്തില്‍ ഭേദഗതിക്ക് തയ്യാറായി. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി മഹ്‌റമുകളുടെ അകമ്പടിയില്ലാതെ ഹജ്ജ് ചെയ്യാം എന്നായിരുന്നു ഭേദഗതി. കര്‍മ ശാസ്ത്രരീതി (മദ്ഹബ്) കള്‍ക്ക് അനുസൃതമായി, മഹ്‌റമിന്റെ സാക്ഷ്യപത്രത്തോടെ സ്ത്രീകള്‍ക്ക് സംഘത്തില്‍
ഹജ്ജിനെത്താം എന്നതാണ് പുതിയ രീതി. ഈ രീതി പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള വനിതാ തീര്‍ത്ഥാടകര്‍ക്കും ഈ വര്‍ഷം മുതല്‍ മഹ്‌റം കൂടെയില്ലാതെ ഹജ്ജ് ചെയ്യാന്‍ കഴിയും.

എന്നാല്‍, മഹ്‌റം വിഷയത്തിലെ ഈ പരിഷ്‌കാരം താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ നയമാണെന്നാണ് പ്രധാനമന്ത്രി ഞായറാഴ്ച മന്‍ കി ബാത്തില്‍ അവകാശപ്പെട്ടത്. ‘മഹ്‌റം സമ്പ്രദായത്തെപ്പറ്റി ഞാന്‍ ആദ്യം കേട്ടപ്പോള്‍, അതൊക്കെ നടക്കുന്നുണ്ടോ എന്നാണ് ഞാന്‍ അത്ഭുതപ്പെട്ടത്. ആരായിരിക്കും അത്തരം നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവുക? എന്തിനാണീ വിവേചനം? ഈ വിഷയം ആഴത്തില്‍ പഠിച്ചപ്പോള്‍, സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു എന്ന് കാണാന്‍ കഴിഞ്ഞു. പതിറ്റാണ്ടുകളായി മുസ്ലിം സ്ത്രീകള്‍ക്കു മേല്‍ അനീതി അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുയാണ്. അതേപ്പറ്റി ആരും ചര്‍ച്ച ചെയ്യുന്നില്ല. പല ഇസ്ലാമിക രാജ്യങ്ങളിലും ഇല്ലാത്ത രീതിയാണിത്. ഈ വിഷയം പരിഗണിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു എന്നത് സന്തോഷകരമാണ്…’ എന്നായിരുന്നു മോദിയുടെ മന്‍ കി ബാത്ത് പ്രസ്താവന.

സൗദി കൊണ്ടുവന്ന ഇളവിന്റെ ഖ്യാതി തട്ടിയെടുക്കാനുള്ള ശ്രമമാണ് മോദി ഇതിലൂടെ നടത്തുന്നത് എന്നതു വ്യക്തമാണ്. 2017 ഒക്ടോബറില്‍ 2018-22 കാലയളവിലേക്കുള്ള ഹജ്ജ് നയം രൂപീകരിക്കാനുള്ള കമ്മിറ്റി നിയമിക്കപ്പെട്ടപ്പോള്‍ തന്നെ മഹ്‌റം വിഷയത്തില്‍ സൗദി നല്‍കിയ ഇളവ് പരിഗണനക്കു വന്നിരുന്നു. ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇക്കാര്യം അപ്പോള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇന്ത്യയില്‍ നിന്ന് 1,300 സ്ത്രീകളാണ് മഹ്‌റം ഇല്ലാതെ ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിരുന്നത് എന്ന് നഖ്‌വി വ്യക്തമാക്കുകയും ചെയ്തു.

സൗദി മാറ്റം കൊണ്ടുവന്നതിനാല്‍ മാത്രമാണ് ഇന്ത്യയടക്കമുള്ള ഏത് രാജ്യങ്ങള്‍ക്കും മഹ്‌റം കൂടെയില്ലാതെ വനിതകളെ ഹജ്ജിനയക്കാന്‍ കഴിയുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് റോളൊന്നുമില്ലെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രഥമ ഹജ്ജ് സെക്രട്ടറിയായിരുന്ന സഫര്‍ മഹ്മൂദ് വ്യക്തമാക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: