X

മോദിക്ക് നല്‍കിയ ‘സംശയത്തിന്റെ ആനുകൂല്യം’ ഇന്ന് കമല്‍നാഥിനും നല്‍കണം; ശശി തരൂര്‍

 

മുംബൈ: 1984ലെ സിഖ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്നാരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ന്യായീകരണവുമായി ശശി തരൂര്‍ രംഗത്ത്. ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിട്ട അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ലഭിച്ച സംശയത്തിന്റെ ആനുകൂല്യം കമല്‍നാഥിനും നല്‍കണമെന്നാണ് തരൂറിന്റെ വാദം.

കമല്‍നാഥിനെതിരായ ആരോപണം നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളുമായി സംസാരിക്കവേയാണ് തരൂറിന്റെ പരാമര്‍ശം.

‘ഇതു വരെ ഒരു കോടതിയും കമല്‍നാഥ് കുറ്റക്കാരനാണെന്നതിന് തെളിവൊന്നും കണ്ടെത്തിയിട്ടില്ല. തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുന്നത് തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു കോടതിയും കുറ്റക്കാരനെന്ന് വിധിച്ചിട്ടില്ല. നമ്മളോട് ബി.ജെ.പി മോദിക്ക് നല്‍കാന്‍ ആവശ്യപ്പെട്ട സംശയത്തിന്റെ ആനുകൂല്യം നമുക്ക് കമല്‍നാഥിനും നല്‍കാം’ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കിയ നടപടി കോണ്‍ഗ്രസിന്റെ ധാര്‍മ്മികത ഇല്ലാതാക്കുന്നതല്ലെ എന്ന ചോദ്യത്തിന് മറുപടിയായി തരൂര്‍ പറഞ്ഞു.

കമല്‍നാഥിന് സിഖ് വിരുദ്ധ കലാപത്തില്‍ സുപ്രധാനപങ്കുണ്ടെന്നാരോപിച്ച് സിഖ് വിരുദ്ധ കലാപത്തിനിരയായ കുടുംബങ്ങള്‍ കമല്‍നാഥിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കമല്‍നാഥിനെ മുഖ്യമന്ത്രി പദത്തില്‍ നിന്നും എത്രയും പെട്ടെന്ന് ഒഴിവാക്കാനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോട് ഇതില്‍ ഇടപെടാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സിഖ് വിരുദ്ധ കലാപത്തിലെ പങ്കാളിത്തത്തിന് സമ്മാനമായാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്കസേര കമല്‍നാഥിന് നല്‍കിയതെന്ന് ശിരോമണി അകാലി ദള്‍ നേതാവ് മഞ്ചിന്ദര്‍ സിങ്ങ് സിര്‍സ വ്യാഴാഴ്ച പറഞ്ഞിരുന്നു.

1984ല്‍ സിഖ് വിരുദ്ധ കലാപത്തിനിടെ ഗുരുദ്വാരയില്‍ വെച്ച് രണ്ടു സിഖുകാരെ ജീവനോടെ കത്തിക്കുമ്പോള്‍ അവിടെ കമല്‍നാഥ് ഉണ്ടായിരുന്നു. എന്നാല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് താന്‍ അവിടെ എത്തിയത് എന്നായിരുന്നു കമല്‍നാഥിന്റെ ന്യായീകരണം.

ഡിസംബര്‍ 17ന് കമല്‍നാഥ് ഭോപാലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

chandrika: