X

മോദി പ്രഭാവം തകര്‍ന്നു, അദ്വാനിയും ജോഷിയും വീണ്ടും രംഗത്തേക്ക്

 

ന്യൂഡല്‍ഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു പിന്നാലെ രാജ്യത്ത് മോദി പ്രഭാവം അവസാനിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരിച്ചറിയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി മാനദണ്ഡം തല്‍ക്കാലത്തേക്ക് ഒഴിവാക്കി പൊതുതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും വീണ്ടും മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നീക്കം തുടങ്ങിയതായി ബംഗാളി ദിനപത്രം ആനന്ദ ബസാര്‍ പത്രിക റിപ്പോര്‍ട്ടു ചെയ്തു.
ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ച അദ്വാനിയെ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി കേന്ദ്രനേതൃത്വം ഒരു കാര്യത്തിലും പരിഗണിച്ചിരുന്നില്ല. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ബി.ജെ.പിയുടെ ഉന്നതാധികാര സമതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടം നേടിയിരുന്നില്ല. മുതിര്‍ന്ന നേതാക്കളായ ഇരുവരേയും ഒഴിവാക്കിയെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അഞ്ചംഗ മാര്‍ഗദര്‍ശക മണ്ഡലില്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, അമിത് ഷാ, ജോഷി, അദ്വാനി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. എന്നാല്‍ സമിതി രൂപീകരിച്ചതൊഴിച്ച് മോദി പ്രധാനമന്ത്രിയായ ശേഷം മാര്‍ഗദര്‍ശക മണ്ഡല്‍ ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യപ്രതിപക്ഷം നിലവില്‍ വരികയാണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്തുക അസാധ്യമാണെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതിനാല്‍ മുതിര്‍ന്ന നേതാക്കളെ കൂടി രംഗത്തിറക്കി പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്നവരെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാണ് ശ്രമം. അദ്വാനി, ജോഷി എന്നിവരെ നേതൃത്വത്തിലേക്ക് കൊണ്ടു വന്നാല്‍ എന്‍.ഡി.എ വിട്ട ചില കക്ഷികളെ തിരിച്ചെത്തിക്കാമെന്നും പാര്‍ട്ടി കണക്കു കൂട്ടുന്നു.
90 കാരനായ അദ്വാനിയുമായി അമിത് ഷാ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായും ഈ നിര്‍ദേശം മുന്നോട്ടുവെച്ചതായും ആനന്ദ ബസാര്‍ പത്രിക പറയുന്നു. ടി.ഡി.പി എന്‍.ഡി.എ സഖ്യം വിടുകയും ശിവസേനയും, ജെ. ഡി.യുവും ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍ അവസാന ശ്രമമെന്ന നിലയിലാണ് അമിത് ഷാ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രായാധിക്യം പറഞ്ഞ് മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നതിന് പകരം വിജയ സാധ്യതയുള്ളവരെയെല്ലാം സീറ്റു നല്‍കി മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയെ പ്രായം പരിഗണിക്കാതെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിച്ചാണ് ബി. ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.

chandrika: