ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രായേലിലേക്ക്. ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. വിവിധ രംഗങ്ങളില്‍ കരാറുകള്‍ ഒപ്പു വെക്കുന്നുണ്ടങ്കിലും, മോദിയുടെ യാത്രയില്‍ ആയുധകച്ചവടത്തിനാണ് ഊന്നല്‍.
ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധവിപണിയായി മാറിയ ഇന്ത്യക്ക് മിസൈല്‍, ഡ്രോണ്‍, റഡാര്‍, എന്നിങ്ങനെ ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 6500 കോടിയോളം രൂപയുടെ യുദ്ധോപകരണങ്ങളാണ് അവര്‍ നല്‍കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഗംഭീരവരവേല്‍പ്പ് നല്‍കാനാണ് ഇസ്രയേലിന്റെ തീരുമാനം. പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നേരിട്ടെത്തി മോദിയെ സ്വീകരിക്കും
നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 25ാം വാര്‍ഷികത്തില്‍ നടത്തുന്ന സന്ദര്‍ശനം, ഫലസ്ഥീന്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. സന്തുലനം പാലിക്കാന്‍ രാഷ്ട്രപതി അടക്കുമുള്ളവര്‍ മുന്‍കാലത്ത് ചെയതിരുന്നതില്‍നിന്ന് വിത്യസ്തമായി മോദി ഫലസ്ഥീന്‍ സന്ദര്‍ശിക്കുന്നുമില്ല. ഫലസ്ഥീനൊപ്പം, അറബ് രാജ്യങ്ങളേയും ഇറാനെയും മോദിയുടെ സന്ദര്‍ശനം അസ്വസ്ഥമാക്കുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഇസ്റ്രയേല്‍ അച്ചുതണ്ട് ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ് മോദിയുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം.
പ്രതിരോധരംഗത്തെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പ് വെക്കുമെന്നാണ് സൂചന. നയതന്ത്രബന്ധം ആരംഭിച്ച് 25 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തില്‍ സ്വീകരിക്കും. വൈകുന്നേരമാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കാര്‍ഷിക-ജലവിഭവ-ബഹിരാകാശ മേഖലകളിലെ സഹകരണവും ലക്ഷ്യം വെക്കുന്നുണ്ട്. മെയ്ക്ക് ഇന്‍ പദ്ധതി പ്രകാരമുള്ള സാധനങ്ങളുടെ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുളള നടപടികളും ഉണ്ടാകും.
നാളെ വൈകിട്ട് പ്രധാനമന്ത്രി തെല്‍അവീവില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ശേഷം ഹോളോകോസ്റ്റ് മ്യൂസിയം സന്ദര്‍ശിക്കും. മോദിയുടെ സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 2006 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയും നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.
പലസ്തീന്‍ മേഖലയെ ജൂത, അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്നതിനെ എതിര്‍ത്ത മഹാത്മാഗാന്ധിയുടെ നിലപാടുകളുയും എക്യരാഷ്ട്രസഭയില്‍ ജൂതരാഷ്ട്ര രൂപീകരണത്തെ എതിര്‍ത്തുവോട്ടുചെയ്ത ചരിത്രത്തെയും സാക്ഷിയാക്കിയാണ് ഇന്ത്യയുടെ ചുവടുമാറ്റം. പലസ്തീനുമായുള്ള സൗഹൃദത്തില്‍ ഉലച്ചിലുകളുണ്ടാക്കാതെ പശ്ചിമേഷ്യയിലെ മാറിയ സാഹചര്യത്തില്‍ പ്രകടനാത്മകവും പ്രായോഗികവും കൂടുതല്‍ ദൃഢവുമായ ഇസ്രയേല്‍ ബന്ധത്തിനാണു മോദിയുടെ യാത്ര വഴിയൊരുക്കുക എന്നാണ് പറയപ്പെടുന്നത്.