X

മോദി സ്തുതിയില്‍ തൂക്കി വില്‍ക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നാലാം തൂണ്

നിസാര്‍ ഒളവണ്ണ

ഗുജറാത്തിലേത് പോലെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയവും വലിയ പ്രാധാന്യമുള്ളതാണ്. ദേശീയ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ വരട്ടെ, ഇക്കാര്യത്തില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് ന്യായീകരിക്കാന്‍ കഴിയാത്തതാണ്. വലിയ പരാജയമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അപ്പോഴും ഒരു കാര്യം ഓര്‍ക്കണം, ഇവിടെ ഏഴാം തവണയും ബി.ജെ.പിക്ക് തുടര്‍ഭരണം ലഭിച്ചുവെന്നേയുള്ളൂ. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്ത് കരുത്തുകാട്ടി.

ജനാധിപത്യ പ്രക്രിയയില്‍ ഭരണം പിടിച്ചെടുക്കുന്നതിനേക്കാള്‍ കേമമല്ല, ഭരണം നിലനിര്‍ത്തുക എന്നത്. അതല്ലെങ്കില്‍, ചുരുങ്ങിയത് ഭരണം പിടിച്ചെടുക്കുന്നതും തുടര്‍ ഭരണം നിലനിര്‍ത്തുന്നതും ഒരുപോലെ പ്രാധാന്യമുള്ളതായി കാണാനുള്ള സാമാന്യ ബോധമെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ വെച്ചുപുലര്‍ത്തേണ്ടിയിരുന്നു. ആകെയുള്ള 68 സീറ്റില്‍ 40 എണ്ണവും കോണ്‍ഗ്രസ് നേടി. ഇവിടെ 25 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 2017ല്‍ നേടിയ 21 സീറ്റില്‍ നിന്ന് 19 സീറ്റിന്റ വര്‍ധനവോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഈ വിജയം ചിലര്‍ക്ക് കാണാന്‍പോലും കഴിഞ്ഞില്ല.

അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വന്‍ നേട്ടമുണ്ടാക്കാനായി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍കുമാര്‍ ശര്‍മ 26,696 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. ഛത്തീസ്ഗഡിലെയും സ്ഥിതി മറിച്ചല്ല. ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാവിത്രി മാന്ധവി 21,171 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. വസ്തുത ഇതായിരുന്നിട്ടും ചില മാധ്യമങ്ങള്‍ ഇപ്പോഴും യാഥാര്‍ഥ്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. മോദി സ്തുതി പാടുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സകല സന്നാഹങ്ങള്‍ ഒരുമിച്ചിട്ടും പ്രധാനമന്ത്രിയും കൂട്ടരും വലിയ പ്രചാരണം നടത്തിയിട്ടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നഡ്ഡയുടെ ഹിമാചലില്‍ കാവി രാഷ്ട്രീയത്തിന് പ്രഹരമേറ്റത് പറയാന്‍ കാര്യമായ ഒരു മാധ്യമവും രംഗത്ത് വന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ 21,000 26000ത്തിനും ഇടയില്‍ ഭീകര തോല്‍വി ബി.ജെ.പി ഏറ്റുവാങ്ങി, യു.പിയിലെ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി പരാജയപ്പെട്ടു, എന്നാല്‍ ഈ തോല്‍വികളെ കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഒരക്ഷരവും പറഞ്ഞില്ല. അവര്‍ക്ക് ഇപ്പോഴും ‘മോദി തിളങ്ങുകയാണ്’. ജനാധിപത്യത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ചില മാധ്യമങ്ങളുടെ രീതി കാണുമ്പോള്‍ എന്തുപറയാന്‍. അതിനിടെ ഹിമാചല്‍പ്രദേശിലെ വിജയവും ഗുജറാത്തില്‍ നേരിട്ട കനത്ത തിരിച്ചടിയും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വവും വിലയിരുത്തിയെ മതിയാകൂ. അടിത്തട്ടിലെ സംഘടന കെട്ടുറപ്പിന്റെ ഫലമാണ് ഹിമാചല്‍ പ്രദേശിലെ വിജയത്തിന് കരുത്തുപകര്‍ന്നത്. സംസ്ഥാന നേതൃത്വത്തിന്റ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടില്‍വരെ സ്വാധീനം ഉണ്ടാക്കിയപ്പോള്‍ പാര്‍ട്ടിയുടെ ജയം അനായാസമായി. 41 സീറ്റുവരെ പാര്‍ട്ടിനേടുമെന്ന് പി.സി.സി പ്രസിഡന്റ് പ്രതിഭസിംഗ് ഹൈകമാന്റിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അളന്നുമുറിച്ച ചിട്ടയായ സംഘടനാ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ ജയം എളുപ്പമാണെന്ന പാഠംകൂടി ഹിമാചല്‍ കോണ്‍ഗ്രസ് നേതൃത്വം ബോധ്യപ്പെടുത്തുന്നു. അതേസമയം പ്രതിപക്ഷത്തിരിക്കുമ്പോള്‍പോലും പരസ്പര പഴിചാരലും വീട്ടിനിരത്തലുമായി മുന്നോട്ടുപോയാല്‍ പാര്‍ട്ടി ദുര്‍ബലമാകുമെന്നും നേതൃത്വം ജനങ്ങളില്‍നിന്ന് അകലുമെന്നും ഗുജറാത്ത് ഫലം വീണ്ടും ഓര്‍മപ്പെടുത്തുന്നു. പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളാണ് കോണ്‍ഗ്രസിന്റെ ദുരന്തത്തിനുകാരണമെന്ന് വിലയിരുത്തുന്നതും ഘടക കക്ഷികള്‍പോലും പല ഘട്ടത്തില്‍ ഇക്കാര്യം ചൂണ്ടികാണിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

Test User: