X

കാവി പാര്‍ട്ടിയുടെ പ്രചരണത്തില്‍ മോദി ബി.ജെ.പി നേതാവാണ്, പ്രധാനമന്ത്രിയല്ല: മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്ന മോദിയെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. പ്രചരണങ്ങളില്‍ മോദിയെ ഒരു ബി.ജെ.പി നേതാവായി മാത്രം വാഴ്ത്തിയാല്‍ മതിയെന്നാണ് മമത പറയുന്നത്. ബംഗാളിലെ ബുല്‍ബസാറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ബംഗാളില്‍ വരാനും തെരഞ്ഞെടുപ്പ് പ്രചരണം നടത്താനും മോദിക്ക് അവകാശമുണ്ട്. എന്നാല്‍ താന്‍ അത്ഭുതപ്പെടുന്നത് റാലിക്കിടെ മോദിയെ ബി.ജെ.പിയുടെ അണികള്‍ പ്രധാനമന്ത്രിയെന്ന് വിശേപ്പിക്കുന്നത് കണ്ടിട്ടാണെന്നും മമത പറഞ്ഞു. തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും ടി.എം.സിയുടെ റാലികളില്‍ തന്നെ വിശേഷിപ്പിക്കുന്നത് പാര്‍ട്ടി അധ്യക്ഷ എന്നാണ്. മോദിക്കും ബി.ജെ.പി അണികള്‍ക്കും അതിന് കഴിയുമോയെന്നും മമത ചോദിച്ചു.
മോദിയെ കാര്യസ്ഥന്‍ എന്നും മമത വിശേഷിപ്പിക്കുകയുണ്ടായി. മോദി വീണ്ടും ഭരണത്തിലേറില്ലെന്നും ഇന്ത്യാ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മമത ഊന്നിപ്പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനുള്ള ബി.ജെ.പി ശ്രമത്തെ മമത അപകടകരമായ ഗെയിം എന്നും വിമര്‍ശിച്ചു.
പശ്ചിമ ബംഗാളിലെ ഏഴാം ഘട്ട വോട്ടെടുപ്പ് കാരണം ജൂണ്‍ ഒന്നിന് ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മമത ഖേദം പ്രകടിപ്പിച്ചു. തന്നെ മതവിരോധിയായി പ്രചരിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തില്‍ വേദനയുണ്ടെന്നും മമത പറഞ്ഞു. ഇതിനുപുറമെ റെമാല്‍ ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്തെ പ്രദേശങ്ങളില്‍ സര്‍വേ നടത്താന്‍ മമത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന തന്റെ ജനങ്ങളുടെ അവസ്ഥകള്‍ മനസിനെ അലട്ടുന്നുണ്ടെന്നും മമത പറഞ്ഞു.

webdesk13: