ഡല്‍ഹി മുഖ്യമന്ത്രി അരവന്ദ് കേജരിവാളിനോടുള്ള പകപോക്കല്‍ ഇന്ത്യാ മുന്നണിയെ മോദി ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് മുസ്്‌ലിംലീഗ് പാര്‍ലമെന്റിപാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ മുച്ചൂടും ഭരിച്ചു മുടിച്ച കോര്‍പ്പറേറ്റ് ദല്ലാളുകളായി അധപതിച്ച മോദി സര്‍ക്കാറിനെതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് പിടിച്ചു നില്‍ക്കാനുള്ള അവസാന അടവായി ഇ.ഡിയെ കൂടുതല്‍ കയറൂരിവിട്ടത്. ഇന്ത്യാ മുന്നണിയുമായി സഖ്യമുണ്ടാക്കിയാല്‍ കേജരിവാളിനെ ജയിലിലടക്കുമെന്ന് നേരത്തെ തന്നെ സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ മറവില്‍ നടന്ന കോടികളുടെ അഴിമതി പുറത്തായതും ബി.ജെ.പി പക്ഷത്തെ പ്രമുഖ നേതാക്കള്‍ മറുകണ്ടം ചാടുന്നതും ഇന്ത്യാ മുന്നണി ശക്തമാകുന്നതും മോദി ഭരണകൂടത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്നത് ഹേമന്ദ്് സോറനെതിരായ വഴിവിട്ട നടപടികളിലൂടെ വ്യക്തമായതാണ്. കേജരിവാളിനെയും കെട്ടുകഥകളിലൂടെ തളക്കാനും ജയിലിലടക്കാനും തുനിഞ്ഞ അമിത്ഷായുടെ ആഭ്യന്തര മന്ത്രാലയം സംഘപരിവാര്‍ ഭരണകൂടത്തിന്റെ പതനത്തിന്റെ ആക്കം വര്‍ധിപ്പിക്കുകയാണ്.
കോണ്‍ഗ്രസ്സിന്റെ അകൗണ്ടുകള്‍ മരവിപ്പിച്ചും ഇന്ത്യാ മുന്നണി നേതാക്കളെ കേസ്സെടുത്തും ജയിലിലടച്ചും നിര്‍വീര്യമാക്കി ജനാധിപത്യം അട്ടിമറിക്കാമെന്നാണ് കേന്ദ്ര ഭരണകൂടം കരുതിയതെങ്കില്‍ അവര്‍ക്ക് ജനം മറുപടി നല്‍കും. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നേതാക്കള്‍ക്ക് അഴിമതി പരിരക്ഷയും ഇന്ത്യാ മുന്നണിയുടെ ഭാഗമായാല്‍ കള്ളക്കേസും എന്നത് വിലകുറഞ്ഞ തന്ത്രം മാത്രമാണ്. വര്‍ഗീയതയും വിദ്വേഷവും വിതച്ചും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് അധികം ആയുസ്സില്ല. എല്ലാ വെല്ലുവിളികളെയും അതിജയിച്ച് ഇന്ത്യാ മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റി മേതതര സമൂഹം കനത്ത തിരിച്ചടി നല്‍കണമെന്നും ഇ.ടി ആഹ്വാനം ചെയ്തു.