ബെംഗളൂരു: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മോദിയുള്ളപ്പോള്‍ ബി.ജെ.പിക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ മേധാവി ദിവ്യ സ്പന്ദന. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എന്‍.എ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ. തന്റെ ട്വിറ്റര്‍ എക്കൗണ്ടിലും ദിവ്യ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
മോദിയുള്ളപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പിക്ക് അതിനേക്കാള്‍ മികച്ചൊരു സംവിധാനം ആവശ്യമില്ല. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ എന്തു ചെയ്യാനാകുമെന്ന് ദിവ്യ ചോദിച്ചു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വെല്ലുവിളി ബി.ജെ.പിയുടെ വ്യാജ വാര്‍ത്തകളാണ്. അതിനെതിരെയുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. മോദിയേയും ട്രംപിനേയും പോലെയുള്ളവരെ അധികാരത്തിലെത്തിക്കാന്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് സാധിക്കുമെന്നും ദിവ്യ പറഞ്ഞു.