പട്‌ന: ബിഹാറിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ രാമക്ഷേത്ര നിര്‍മാണം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി രാജ്യത്തിന്റെ രാഷ്ട്രീയഗതിയെ തന്നെ മാറ്റി മറിച്ച രാമക്ഷേത്രം വീണ്ടും വിഷയമായി കൊണ്ടുവന്നത്.
‘രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചിരിക്കുന്നു. നിര്‍മാണം വൈകിയതിന് ഞങ്ങളെ വേട്ടയാടിയിരുന്നവര്‍ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്’ – എന്നായിരുന്നു മോദിയുടെ വാക്കുകള്‍. ധര്‍ഭന്‍ഗയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കി. ദളിത് സമുദായങ്ങള്‍ക്കുള്ള മെഡിക്കല്‍ സീറ്റ് സംവരണം വര്‍ധിപ്പിചചു. ധര്‍ഭന്‍ഗയില്‍ ഐടി പാര്‍ക്ക് പണിതു. വാഗ്ദാനം ചെയ്തത് ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്’- അദ്ദേഹം അവകാശപ്പെട്ടു.
ജംഗ്ള്‍ രാജ് പാര്‍ട്ടിയെ ബിഹാര്‍ ജനത വീണ്ടും തോല്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ സംസ്ഥാനത്തെ കൊള്ളയടിച്ചു. അവരുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ ഓര്‍മിക്കൂ. കുറ്റകൃത്യങ്ങള്‍ അക്കാലത്ത് ഏറെ കൂടുതലായിരുന്നു. ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ ആകുമായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വോട്ടെടുപ്പു ദിനം തന്നെ അയോധ്യയിലെ രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയുള്ള മോദിയുടെ പ്രചാരണം ഭൂരിപക്ഷ വോട്ടുബാങ്കില്‍ കണ്ണുവച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.