നേപിഡോ: രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം അതീവ സങ്കീര്‍ണ തലത്തിലെത്തി നില്‍ക്കെ, ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിലെത്തി. ഇന്നലെ വൈകിട്ട് തലസ്ഥാനമായ നേപിഡോവിലെത്തിയ പ്രധാനമന്ത്രിയെ നേപ്പാള്‍ പ്രസിഡണ്ട് തിന്‍ ക്യാവ് സ്വീകരിച്ചു.
നൊബേല്‍ സമ്മാന ജേതാവും സ്‌റ്റേറ്റ് കൗണ്‍സിലറുമായ ആങ്‌സാന്‍ സൂകിയടക്കമുള്ള നേതാക്കളുമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മോദി ചര്‍ച്ച നടത്തും. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേക്ക നാടുകടത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് മോദി മ്യാന്മറിലെത്തുന്നത്.
ചൈനയിലെ ഷിയാമെനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് മോദി ദക്ഷിണകിഴക്കനേഷ്യന്‍ രാജ്യത്തെത്തിയത്. ഇന്ത്യ-മ്യാന്മര്‍ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നതായി മോദി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സുരക്ഷ, ഭീകരത, വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യം, ഊര്‍ജം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളിലെ പ്രതിനിധികളും ചര്‍ച്ച നടത്തുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി 1640 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാഷ്ട്രമായതിനാല്‍ മ്യാന്മറുമായി മികച്ച ബന്ധത്തിന് ഇന്ത്യയ്ക്ക് താത്പര്യമുണ്ട്. ഇടതുപക്ഷ ഭീകരത നിലനില്‍ക്കുന്ന നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയവയുമാണ് പ്രധാനമായും മ്യാന്മര്‍ അതിര്‍ത്തി പങ്കിടുന്നത്. ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി 2014ല്‍ മോദി മ്യാന്മര്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മ്യാന്മര്‍ പ്രസിഡണ്ടും ആങ് സാന്‍ സൂകിയും ഇന്ത്യയിലെത്തുകയും ചെയ്തു.
ഉഭയകക്ഷി വ്യാപാരത്തില്‍ ഇരുരാഷ്ട്രങ്ങളും 9.5 ബില്യണ്‍ യു.എസ് ഡോളറിന്റെ വിനിമയാണ് ലക്ഷ്യംവെക്കുന്നത്. നിലവില്‍ 2.2 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യാപാരം. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ അവിഭാജ്യഘടകമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിനെ പരിഗണിച്ചു വരുന്നത്. ചൈനയുമായി മ്യാന്മര്‍ പുലര്‍ത്തിപ്പോരുന്ന ബന്ധത്തെയും ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.