X
    Categories: MoreViews

കടല്‍വിമാനമിറക്കി മോദി; ജയം തറപ്പിച്ചു പറഞ്ഞ് രാഹുല്‍

അഹമ്മാദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പോര്‍മുഖത്ത് വജ്രായുധങ്ങളുമായി ഏറ്റുമുട്ടിയ ഗുജറാത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഹൈവോള്‍ട്ടേജ് പ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രചരിത്രത്തില്‍ ആദ്യമായി സബര്‍മതി നദിയില്‍ കടല്‍വിമാനമിറക്കിയാണ് മോദി പ്രചാരണത്തിന് കൊഴുപ്പേകിയത്. ഇത്തവണ ബി.ജെ.പിയെ കെട്ടുകെട്ടിക്കണമെന്നായിരുന്നു രാഹുലിന്റെ ആഹ്വാനം. ഇന്നത്തെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം സംസ്ഥാനത്തെ 93 മണ്ഡലങ്ങള്‍ നാളെ ബൂത്തിലെത്തും.
ക്ഷേത്രം മുതല്‍ പാകിസ്താന്‍ വരെ ചര്‍ച്ചയായ കൊണ്ടുപിടിച്ച പ്രചാരണത്തിനാണ് ഗുജറാത്തില്‍ തിരശ്ശീല വീഴുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമായി ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മോദിയും രാഹുലും തന്നെയായിരുന്നു ഇരുപക്ഷത്തെയും പ്രധാന പ്രചാരകര്‍. അവസാന ദിനമായ ഇന്നലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഇരുവരും പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാഹുല്‍ അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിലെത്തിയപ്പോള്‍ മോദി ബനസ്‌കന്ദയിലെ അംബാജി ക്ഷേത്രത്തിലാണെത്തിയത്.
തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. ഏകശക്തിയായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പി എന്താണ് ചെയ്തത്? സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരുണ്ടോ? ഗുജറാത്തില്‍ തൊഴിലുണ്ടോ? ചെറുകിട-ഇടത്തരം സംരഭകരാണ് തൊഴില്‍ദാതാക്കള്‍. അവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് പിന്തുണ കിട്ടുന്നില്ല- രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തെ 90 ശതമാനം സ്‌കൂളുകളും കോളജുകളും സ്വകാര്യവത്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി അഴിമതിയെ കുറിച്ചും കര്‍ഷക വിളകളുടെ താങ്ങുവിലയെ കുറിച്ചും സംസാരിക്കുന്നില്ല. ഗുജറാത്തില്‍ ജയിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ട്. ഗുജറാത്തി്‌ന്റെ സന്തുലിതമായ വികസനമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുക്തിരഹിതമായ സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തെ തകര്‍ത്തത്. നാലഞ്ചു കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് അതിന്റെ നേട്ടം. സംസ്ഥാനത്ത് ഏകപക്ഷീയമായ ഒരു തീരുമാനവും എടുക്കുന്ന സര്‍ക്കാറാകില്ല തങ്ങളുടേത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ക്ഷേത്ര സന്ദര്‍ശനത്തെ വിവാദമാക്കുന്ന മോദിക്ക്, ഗുജറാത്തില്‍ മാത്രമാണ് താന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത് എന്നത് ബി.ജെ.പി മാത്രം പറയുന്നാതാണെന്ന് രാഹുല്‍ മറുപടി നല്‍കി. നേരത്തെ താന്‍ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. അത് ഉത്തരാഖണ്ഡിലല്ലേ. ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴൊക്കെ ഗുജറാത്തികളുടെ നന്മയ്ക്കും വികസനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ക്ഷേത്രം സന്ദര്‍ശിക്കുന്നത് തെറ്റാണോ?- അദ്ദേഹം ചോദിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കുറിച്ച് മോദി പറഞ്ഞ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവില്‍ നിന്നു ഭിന്നമായി, അവസാന ദിനം നരേന്ദ്രമോദി പ്രചാരണത്തില്‍ ഒന്നും സംസാരിച്ചില്ല. ഗുജറാത്തിന്റെയും ഇന്ത്യയുടെയും ക്ഷേമത്തിനായി മാറ്റിവെച്ചതാണ് തന്റെ ജീവിതമെന്നും സംസ്ഥാനത്ത് ബി.ജെ.പിക്കായി വോട്ടു ചെയ്യണമെന്നും ട്വിറ്റില്‍ മോദി ആവശ്യപ്പെട്ടു. ഏറെ വൈകാരികമായിരുന്നു സാമൂഹിക മാധ്യമത്തിലെ പ്രധാനമന്ത്രിയുടെ കുറിപ്പ്. മൂന്നര ദശാബ്ദമായി ഗുജറാത്തിലുടനീളം സന്ദര്‍ശിച്ച് ജനങ്ങളുടെ അനുഗ്രഹം താന്‍ വാങ്ങിയിട്ടുണ്ട്. നാല്‍പ്പതു വര്‍ഷത്തെ പൊതു ജീവിതത്തില്‍ ഗുജറാത്തികള്‍ തനിക്കു നല്‍കിയ വാത്സല്യം നിസ്സീമമാണ്. ഓരോ ബൂത്തിലും ബി.ജെ.പിയെ വിജയിപ്പിക്കണമെന്നും താന്‍ ആവശ്യപ്പെടുന്നു- മോദി കുറിച്ചു.
അതേസമയം, കലാശക്കൊട്ടിന് വേറിട്ട മുഖം നല്‍കിയ മോദി സബര്‍മതി നദിയില്‍നിന്ന് മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെ ജലവിമാനത്തില്‍ യാത്ര ചെയ്തു. നേരത്തെ, ബി.ജെ.പിയും കോണ്‍ഗ്രസും അഹമ്മദാബാദ് നഗരത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന റാലിക്ക് കോര്‍പറേഷന്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

chandrika: