X

മോദീ, ധൈര്യമുണ്ടെങ്കില്‍ അംബാനിയുടേയും അദാനിയുടേയും വീട്ടില്‍ റെയ്ഡ് നടത്തി കാണിക്കൂ; കോണ്‍ഗ്രസിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദാനി-അംബാനി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനിയും അംബാനിയും കോണ്‍ഗ്രസിന് ഒരു ടെമ്പോ നിറയെ പണം അയച്ചിട്ടുണ്ടാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ഖാര്‍ഗെ പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് അദാനിയും അംബാനിയും പണം തന്നിട്ടുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താനും റെയ്ഡുകള്‍ നടത്താനും സത്യം കണ്ടെത്താനുമാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി. നരേന്ദ്ര മോദി തന്റെ എതിരാളികളെ നേരിടുന്നത് സി.ബി.ഐ, ആദായനികുതി, ഇ.ഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ചാണെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമായി 800 ഓളം നേതാക്കളെ ഇതുപയോഗിച്ച് മോദിയും പാര്‍ട്ടിയും ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദാനിയും അംബാനിയും കോണ്‍ഗ്രസിന് പണം നിറച്ച ടെമ്പോ അയച്ചിട്ടുണ്ടെങ്കില്‍ ഇതേ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താന്‍ എന്താണ് മോദി ശ്രമിക്കാത്തതെന്നും ഈ വാദം സത്യമെങ്കില്‍ അവര്‍ ഞങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ മോദി ഉറങ്ങുകയായിരുന്നോയെന്നും ഖാര്‍ഗെ ചോദിച്ചു.

‘മോദിക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനും പിന്നീട് പേടിച്ച് ഓടാനും മാത്രമേ അറിയൂ, അദ്ദേഹത്തിന് ധൈര്യം ഉണ്ടെങ്കില്‍ അദാനിയുടെയും അംബാനിയുടെയും വീട്ടില്‍ ഇ.ഡിയെയും സി.ബി.ഐയെയും വെച്ച് റെയ്ഡ് നടത്തൂ. എന്നാല്‍ മോദി അത് ചെയ്യില്ല, കാരണം മോദി ഈ 2 വ്യവസായപ്രമുഖരുടേയും താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനിയേയും അംബാനിയെയും വിമര്‍ശിക്കുന്നില്ലെന്നും അവര്‍ ഒരു ടെമ്പോ നിറയെ പണം കോണ്‍ഗ്രസിന് നല്‍കി എന്നും മോദി ആരോപണമുന്നയിച്ചിരുന്നു. മെയ് 20ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന സുഭാഷ് ഭാംറക്കെതിരെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ശോഭ ബാച്ഹവ്‌നെയാണ് മത്സരിപ്പിക്കുന്നത്.

webdesk13: