പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രബോധം കുപ്രസിദ്ധമാണ്. ചരിത്രത്തില്‍ നടന്ന കാര്യങ്ങളെന്ന പേരില്‍ മോദി പ്രസംഗിക്കാറുള്ള കാര്യങ്ങളില്‍ പലതും ചരിത്രവുമായി പുലബന്ധമില്ലാത്തതാണെന്ന് ചരിത്രകാരന്മാര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍, പ്രധാനമന്ത്രിയായ ശേഷം വരെ മോദി നടത്തുന്ന ചരിത്ര പരാമര്‍ശങ്ങള്‍ പലപ്പോഴും അദ്ദേഹത്തിനു തന്നെ തിരിച്ചടിയാവുകയാണ് പതിവ്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചരണം നടത്താനെത്തിയ മോദി ഇത്തവണയും ചരിത്രം പറഞ്ഞ് പുലിവാല്‍ പിടിച്ചു. കോണ്‍ഗ്രസിനെ അക്രമിക്കാന്‍ വേണ്ടി ഇന്ത്യാ-പാക് യുദ്ധത്തെ പറ്റി നടത്തിയ പരാമര്‍ശമാണ് മോദിയെ കുഴിയില്‍ ചാടിച്ചത്. 1948-ല്‍ പാകിസ്താനെ യുദ്ധത്തില്‍ തോല്‍പ്പിച്ച കര്‍ണാടകക്കാരനായ ജനറല്‍ തിമ്മയ്യയെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രിയായിരുന്ന കൃഷ്ണ മേനോനും ചേര്‍ന്ന് അപമാനിച്ചു എന്നാണ് മോദി മൈസൂരുവില്‍ പ്രസംഗിച്ചത്.
1948-ല്‍ കൃഷ്ണ മേനോന്‍ പ്രതിരോധമന്ത്രിയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മലയാളിയായ മേനോന്‍ 1956-ലാണ് ആദ്യമായി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. പ്രതിരോധ മന്ത്രിയാകുന്നതാവട്ടെ 1957-ലും. ഇന്ത്യാ-പാക് യുദ്ധം നടന്ന 1948-ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധമന്ത്രി. കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കാനുള്ള തിടുക്കത്തില്‍ താന്‍ പറയുന്ന ചരിത്രം ശരി തന്നെയാണോ എന്ന് തീര്‍ച്ചപ്പെടുത്തുന്നതില്‍ മോദി പരാജയപ്പെട്ടു.
‘ചരിത്രത്തി’ലടക്കം കര്‍ണാടകയില്‍ മോദി നടത്തുന്ന പ്രസ്താവനകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന ട്വീറ്റുകള്‍ ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമാവുകയാണ്. ബെല്ലാരിയില്‍ പ്രസംഗിക്കുന്നതിനിടെ ‘കന്നട സ്ത്രീയെ’ പ്രതിരോധമന്ത്രിയാക്കിയതിനെപ്പറ്റി മോദി അഭിമാനത്തോടെ സംസാരിക്കുകയുണ്ടായി. തെലങ്കാനയില്‍ നിന്നുള്ള നിര്‍മല സീതാരാമനെ പറ്റിയായിരുന്നു മോദിയുടെ ഈ പരാമര്‍ശം.
അഴിമതി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പരസ്യ പ്രചരണം നടത്തുന്ന ബി.ജെ.പി അഴിമതിക്കേസുകളിലെ പ്രതികളായ ബി.എസ് യെദ്യൂരപ്പയും യെഡ്ഡി സഹോദരങ്ങളും അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നതിനെയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു.