ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചല്‍ സന്ദര്‍ശനത്തില്‍ മെനുവിലുള്ളത് കിലോയ്ക്ക് 40,000 രൂപ വിലയുള്ള കൂണും. പതിനായിരം അടിയിലേറെ ഉയരത്തിലുള്ള, ലോകത്തെ നീളമേറിയ തുരങ്കപാതയായ അടല്‍ റോത്തങ് ഉദ്ഘാടനത്തിനായാണ് മോദി ശനിയാഴ്ച ഹിമാചലിലേക്ക് എത്തുന്നത്. ഹിമാചലിലെത്തുന്ന മോദിക്ക് അവിടത്തെ തനതുരുചികളിലുള്ള ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സിസുവിലും സൊലാങ് നുല്ലായിലും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തും.
ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ തയാറാക്കിയ മെനുവില്‍നിന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂറാണ് രുചികരമായ കുറച്ചു വിഭവങ്ങള്‍ തിരഞ്ഞെടുത്തത്. ഹിമാചലില്‍ എത്തുന്ന വിവിഐപികള്‍ക്കു ഭക്ഷണം തയാറാക്കാനുള്ള ചുമതല ഹിമാചല്‍ ടൂറിസം കോര്‍പറേഷന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നന്ദലാല്‍ ശര്‍മയ്ക്കാണ്. പ്രധാനമന്ത്രി മോദിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു തരം കൂണ്‍ വിഭവമാണ് ഭക്ഷ്യവിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഹിമാലയന്‍ മലനിരകളില്‍ കാണപ്പെടുന്ന ഗുച്ചി എന്ന കാട്ടുകൂണ്‍ വിലയേറിയതാണ്. സമുദ്രനിരപ്പില്‍നിന്ന് 6000 അടിയിലേറെ ഉയരത്തില്‍ കാണപ്പെടുന്ന കൂണുകള്‍ ഹിമാചലിലെ മലകളിലും ജമ്മു കശ്മീരിലും മാത്രമാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. ഇരുമ്പ്, വൈറ്റമിന്‍ ഡി, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈബര്‍ എന്നിവയുടെ അദ്ഭുത കലവറയാണ് ഗുച്ചി കൂണുകള്‍. ഫാറ്റിന്റെ അളവ് വളരെ കുറവ്.
വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത കൂണുകളാണ് ഇവ. കാട്ടുപ്രദേശങ്ങളില്‍ സ്വയം വളര്‍ന്നുവന്നാല്‍ ശേഖരിക്കാം. കുളു മണാലി, ചമ്പ, കാംഗ്ര, പാങ്കി താഴ്!വര എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ഷിംലയില്‍ മഞ്ഞുപെയ്യുന്ന മേഖലകളിലും കണ്ടെത്തിയിട്ടുണ്ട്. കിലോയ്ക്ക് 40,000 രൂപ വരെയാണ് ഗുച്ചി കൂണുകളുടെ വില. കാടുകളില്‍നിന്നും താഴ്‌വരകളില്‍നിന്നും ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് ഗ്രാമങ്ങളിലെ തൊഴിലാളികള്‍ കൂണുകള്‍ കണ്ടെത്തുന്നത്. ഇതിനായി പലപ്പോഴും കട്ടിയേറിയ മഞ്ഞുപാളികള്‍ പൊളിച്ചുനോക്കുകയും വേണം. ദ്രവിച്ച മരത്തടികളിലും വീണുകിടക്കുന്ന ഇലകളിലുമാണ് കൂണ്‍ വളരുന്നത്. ചിലപ്പോള്‍ വളക്കൂറുള്ള മണ്ണിലും കൂണുകള്‍ പൊങ്ങിവരാറുണ്ട്.
മോര്‍ച്ചെല്ല എസ്‌കുലെന്റ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കൂണുകളാണു ഗുച്ചി. പതിനായിരങ്ങള്‍ വിലയുള്ളപ്പോളും വിപണിയില്‍ ഈ കൂണുകള്‍ കിട്ടാന്‍ പ്രയാസമാണ്. ഹിമാചല്‍ പ്രദേശില്‍ കൂണുകള്‍ അറിയപ്പെടുന്നത് ‘ഗുച്ചി’ എന്നാണ്. ഹിമാചലില്‍ മഞ്ഞുകാലത്തിനു ശേഷമാണ് കൂണുകള്‍ മുളയ്ക്കുക. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് പ്രദേശവാസികള്‍ ഇതു ശേഖരിക്കുന്നത്. ഒരു ദിവസം മുഴുവന്‍ അലഞ്ഞാണു തൊഴിലാളികള്‍ കൂണുകള്‍ കണ്ടെത്തുക. ഒരു വര്‍ഷം മുളച്ച ഇടത്ത് അടുത്ത വര്‍ഷം മുളയ്ക്കാം, മുളയ്ക്കാതിരിക്കാം. അതുകൊണ്ടുതന്നെ കൂണുകള്‍ എവിടെയൊക്കെ കാണും എന്ന കാര്യം പ്രവചനാതീതമാണ്. ഒരു തവണ പോയാല്‍ കുറച്ച് ഗ്രാമുകള്‍ മാത്രം ലഭിക്കുന്ന അവസ്ഥയും പതിവാണ്. കൂണുകള്‍ ശേഖരിച്ച് ഉണക്കി വിപണിയിലെത്തിക്കുന്ന പ്രക്രിയയ്ക്കു മാസങ്ങളെടുക്കും. വന്‍വിലയുള്ളതിനാല്‍ ഗ്രാമവാസികള്‍ കൂണുകള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാറില്ല. പകരം ശേഖരിച്ചു വില്‍പന നടത്തി ജീവിക്കാനുള്ള പണമുണ്ടാക്കുന്നതാണ് പതിവ്.