X

‘മോദി ഭരണഘടന വായിച്ചിട്ടില്ല; വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’: രാഹുൽ ഗാന്ധി

ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളുടെ പാതയിൽ നിൽക്കുന്ന മതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസും ശക്തിപ്പെടുത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്‍റി​ന്‍റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’ എന്ന് ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

രാജ്യത്തി​ന്‍റെ മുഴുവൻ സംവിധാനവും ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും എതിരാണെന്ന് പറഞ്ഞ അദ്ദേഹം ദലിതുകളുടെയും ആദിവാസികളുടെയും ഒ.ബി.സികളുടെയും പാതയിൽ ഒരു മതിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നും മോദിയും ആർ.എസ്.എസും ആ മതിൽ ‘സിമന്‍റ് ചേർത്ത്’ ശക്തിപ്പെടുത്തുകയാണെന്നും പറഞ്ഞു.

നേരത്തെ യു.പി.എ സർക്കാർ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം, ഭക്ഷണത്തിനുള്ള അവകാശം തുടങ്ങിയവയൊക്കെ ആ മതിലിനെ ദുർബലപ്പെടുത്താനുള്ള വഴികളായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ യു.പി.എ സർക്കാർ മതിലിനെ ബലപ്പെടുത്തിയിട്ടില്ലെന്ന് എനിക്ക് പറയാൻ കഴിയും. ഞങ്ങൾ ആ മതിൽ ദുർബലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ബി.ജെ.പി കോൺക്രീറ്റ് ചേർത്ത് ആ മതിൽ ശക്തിപ്പെടുത്തുകയാണ് -മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

തെലങ്കാനയിൽ ജാതി സർവേ നടത്തുന്നത് ചരിത്രപരമായ നടപടിയാണെന്നും കോൺഗ്രസ് എവിടെ അധികാരത്തിൽ വന്നാലും അത് ചെയ്യുമെന്നും രാഹുൽ ആവർത്തിച്ചു.

webdesk13: