X

മോദി നിങ്ങളെ നിരീക്ഷിക്കുന്നു; പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെ അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവിനെതിരെ കേന്ദ്ര മന്ത്രിമാരടക്കം പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അഭിജിത് ബാനര്‍ജി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്.

അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മാനവ ശാക്തീകരണത്തോടുള്ള അഭിജിത്തിന്റെ അഭിനിവേശം വ്യക്തമാണെന്നും വിവിധ വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. അഭിജിത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങളിലും ആശംസകള്‍ നേരുന്നതായും മോദി ട്വീറ്റില്‍ കുറിച്ചു.

നൊബേല്‍ സമ്മാന നേട്ടത്തിന് പിന്നാലെ അഭിജിത്തിനും ഭാര്യക്കുമെതിരെ കേന്ദ്ര മന്ത്രിമാരടക്കം പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. അഭിജിത്തിനെ ഇടത് ചിന്താഗതിക്കാരനെന്ന് വിളിച്ച കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹം കോണ്‍ഗ്രസിനെ ന്യായ് പദ്ധതി തയ്യാറാക്കാനായി സഹായിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു.

എന്നാല്‍, പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കളും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ‘ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണ്. ഒരു പ്രൊഫഷണല്‍ എന്താണെന്ന് ഇവര്‍ക്ക് ഒരുപിടിയുമില്ല. നിങ്ങള്‍ക്കത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുമാകില്ല. ഒരു പതിറ്റാണ്ട് ശ്രമിച്ചാലും’ എന്നായിരുന്നു രാഹുലിന്റെ മറുപടി. കോടിക്കണക്കിന് ഇന്ത്യക്കാര്‍ അഭിജിത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ പീയുഷ് ഗോയലിന് മറുപടിയുമായി ഇന്നലെ അഭിജിത് തന്നെ രംഗത്തെത്തുകയുണ്ടായി.

അതേസമയം, മോദിയുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അഭിജിത്ത് ഇന്ന് തയ്യാറായില്ല. മോദി വിരുദ്ധ കാര്യങ്ങള്‍ പറയുന്നതിലേക്ക് മാധ്യമങ്ങള്‍ കുടുക്കുന്നതിനെ സംബന്ധിച്ച് തമാശ രൂപേണ ചോദിച്ചാണ്, പ്രധാനമന്ത്രി താനുമായുള്ള സംഭാഷണം ആരംഭിച്ചതെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് അഭിജിത്ത് പ്രതികരിച്ചത്. മോദി ടിവി കാണുന്നുണ്ടെന്നും, മോദി നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും, നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് മോദി അറിയുന്നുണ്ടെന്നും, അഭിജിത്ത് സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, തന്റെ പ്രൊഫഷണലിസത്തേയും പ്രൊഫഷനേയുമാണ് കേന്ദ്ര മന്ത്രി ചോദ്യം ചെയ്തതെന്നായിരുന്നു ഇന്നലെ അഭിജിത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന് പകരം ബിജെപി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉപദേശം നല്‍കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നൊബേല്‍ സമ്മാനത്തിന് അര്‍ഹനായശേഷം ഇന്ത്യയിലെത്തിയ അഭിജിത്ത് ഇന്ന് കൊല്‍ക്കത്തിയിലേക്കു പോകും. അമ്മയെ കാണാനായാണ് അഭിജിത്ത് നാട്ടിലെത്തിയത്. രണ്ട് ദിവസം കൊല്‍ക്കത്തയിലുണ്ടാകും.

chandrika: