X

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ചലാലയില്‍ മോദിയെ വരവേറ്റത് ആളില്ലാ വേദി

അംറേലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൗരാഷ്ട്രയിലെ അംറേലി ജില്ലയിലെ ചലാലയില്‍ എത്തിയ പ്രധാനമന്ത്രിയെ എതിരേറ്റത് ആളൊഴിഞ്ഞ വേദി.

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന റാലിക്ക് വന്‍ ആള്‍ക്കൂട്ടത്തെയാണ് പ്രാദേശിക ബി.ജെ.പി നേതൃത്വം പ്രതീക്ഷിച്ചതെങ്കിലും ചലാലയിലെ ഗായത്രി മന്ദിര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ സമ്മേളന സ്ഥലത്ത് പകുതി പോലും ആളുണ്ടായിരുന്നില്ല.  പട്ടേല്‍ ഭൂരിപക്ഷ പ്രദേശമായ ചലാലയില്‍ മോദി പങ്കെടുത്ത സമ്മേളനത്തില്‍ പോലും ഒഴിഞ്ഞ കസേരകള്‍ നിരന്നത് ബി.ജെ.പിയ്ക്ക് അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

Read Also: മണ്ണിന്റെ മകന്‍ പരാമര്‍ശത്തില്‍; മോദിക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ളവരായിരുന്നു സമ്മേളനത്തിനെത്തിയത്. പട്ടേലുമാര്‍ കൂട്ടത്തോടെ യോഗ സ്ഥലത്തു നിന്നും വിട്ടുനിന്നെന്നും കോലി വിഭാഗക്കാരായിരുന്നു പരിപാടിക്കെത്തിയവരില്‍ ഭൂരിഭാഗവുമെന്ന് ചലാലക്കാരനായ ബാലുഭായ് പറഞ്ഞു. മേഖലയില്‍ പടര്‍ന്നു പിടിച്ച ചിക്കുന്‍ ഗുനിയയും ഡങ്കിപ്പനിയും ആളുകള്‍ വരുന്നതിന് തടസ്സമായതായും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മൂന്നാമത്തെ റാലിക്കായാണ് മോദി ചലാലയില്‍ എത്തിയത്. പട്ടേലുമാരെ സംസ്ഥാനത്ത് മുഖ്യമന്ത്രിയാവുന്നതില്‍ നിന്നും തടഞ്ഞത് കോണ്‍ഗ്രസാണെന്ന വാദവുമായാണ് റാലിയില്‍ മോദി സംസാരിച്ചത്. മോദിയുടെ വിശ്വസ്ഥനായ ദിലീപ് സംഘാനി മത്സരിക്കുന്ന അംറേലിയില്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമല്ലെന്ന സാഹചര്യത്തിലാണ് മോദിയുടെ റാലി ചലാലയില്‍ സംഘടിപ്പിച്ചത്.

നോട്ട് അസാധുവാക്കല്‍ നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ഇപ്പോഴും ഇത് ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസിന്റെ ഫണ്ട് വരവ് നിന്നതിനാലാണെന്ന് റാലിയില്‍ മോദി ആരോപിക്കുകയും ചെയ്തു.

chandrika: