ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ അപകടത്തിലാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ഡല്‍ഹിയിലെ രാംലീല മൈതാനയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയിലായിരുന്നു മന്‍മോഹന്റെ വിമര്‍ശനം. മോദിയുടെ ഭരണരീതി ജനാധിപത്യത്തിന് ഭീഷണിയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അവമതിക്കുന്നു. പാര്‍ലമെന്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജനം കണ്ടതാണ്. അധികാരത്തില്‍ എത്തുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്ന് ബോധ്യപ്പെടുത്തുന്ന വര്‍ക് കാര്‍ഡ് തയ്യാറാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും മോദി ഭരണത്തിനെതിരെ അസംതൃപ്തി നിലനില്‍ക്കുകയാണ്. രാജ്യ സുരക്ഷയും ജനങ്ങളുടെ രക്ഷയും അപകടത്തിലാണ്. തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ യുവാക്കളും നിരാശയിലാണ്.
ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ചക്കു വരാതിരിക്കാന്‍ സാധ്യമായ എല്ലാ അടവുകളും ബി.ജെ.പി പയറ്റി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ല എന്നാല്‍ ജനാധിപത്യം അപകടത്തിലാണ് എന്നാണ് അതിന്റെ അര്‍ത്ഥം. ജനാധിപത്യം ഇന്ത്യന്‍ ഭരണഘടന നല്‍കിയ സമ്മാനമാണ്. അതിനെ ശക്തിപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നമ്മള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ ഭരഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തന്നെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാതിരുന്നിട്ടും ബജറ്റ് എങ്ങനെ പാസായി എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു.
നീരവ് മോദിയും മെഹുല്‍ ചോക്‌സിയുമെല്ലാം കോടിക്കണക്കിന രൂപ വായ്പയെടുത്ത ശേഷം രാജ്യം വിട്ടു പോയി. നമ്മുടെ ബാങ്കിങ് സംവിധാനത്തെയാണ് ഇത് തകര്‍ത്തത്- സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞു.
ലോക രാഷ്ട്രങ്ങളില്‍ എണ്ണവില കുറഞ്ഞു നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം ദിവസം തോറും വില വര്‍ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും വില കുറക്കാന്‍ എന്താണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയെ അടുത്ത 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വിശേഷിപ്പിച്ച മന്‍മോഹന്‍, രാജ്യത്തെ മെച്ചപ്പെട്ട നിലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തിപകരണമെന്നാവശ്യപ്പെട്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.