രാജ്യത്തെ ജനങ്ങളെ എങ്ങനെ വിഭജിക്കണമെന്ന് കരുതി മുന്നോട്ടുപോകുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണമാണിപ്പോള്‍. നിയമനിര്‍മ്മാണങ്ങള്‍ ജനക്ഷേമത്തിന് വേണ്ടിയാകണമെന്ന് വിശ്വസിക്കുന്ന കാലഘട്ടത്തില്‍ നിന്ന് മാറി നിയമനിര്‍മ്മാണങ്ങള്‍ ജനങ്ങളെ വിഭജിക്കുന്നതിന് വേണ്ടിയായിരിക്കണമെന്ന് തീരുമാനിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന കെ.സി.വേണുഗോപാല്‍ എംപി. ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
നിയമനിര്‍മ്മാണം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതാണല്ലോ ഇപ്പോള്‍ രാജ്യത്ത് കാണുന്നത്. ഈ കാലഘട്ടത്തില്‍ ആര്യാടനെപ്പോലൊരാള്‍ ഇല്ലാത്തത് ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള കനത്ത നഷ്ടമാണെന്നത് വേദനിപ്പിക്കുന്നു. വ്യക്തിപരമായ നിലപാടുകള്‍ക്കപ്പുറം പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു ആര്യാടന്റെ ശൈലി.അവാര്‍ഡുകള്‍ പ്രചോദനകരമാണ്. പക്ഷേ ഒരു പൊതു പ്രവര്‍ത്തകന്റെ ഗ്രാഫ് തീരുമാനിക്കപ്പെടുന്നതും യഥാര്‍ത്ഥ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതും ജനമനസ്സുകളിലാണ്. എന്നാല്‍ ആര്യാടന്റെ സ്മരണാര്‍ത്ഥമുള്ള ഈ പുരസ്‌കാരത്തിന് മൂല്യമേറെയാണെന്നും അദ്ദേഹം പറഞ്ഞു.
കാലം നമുക്കേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ വലുതാണ്. നുണപ്രചരണങ്ങളുടെയും അസത്യങ്ങളുടെയും ഘോഷയാത്രകള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഭരണഘടനയ്ക്ക് കാവലാളാകാനും, പാവപ്പെട്ടവന് വേണ്ടി പോരാടാനും കോര്‍പ്പറേറ്റുകള്‍ക്കൊപ്പം മാത്രം നിലകൊള്ളുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരെ പോരാടാനും വിട്ടുവീഴ്ചയില്ലാതെ രാഹുല്‍ ഗാന്ധിയുണ്ട്. ഭീഷണിപ്പെടുത്തിയാലും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാലും അദ്ദേഹം മുട്ടുമടക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.