X
    Categories: MoreViews

നോട്ട് നിരോധനം: വ്യാജ കണക്കുകള്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ സി.എസ്.ഒക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ സമ്പദ് വ്യവസ്ഥയേയും ജി.ഡി.പിയേയും ബാധിച്ചിട്ടില്ലെന്ന തരത്തില്‍ വ്യാജ കണക്കുകള്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനു (സി.എസ്.ഒ) മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. അഹമ്മദാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തില്‍ സംസാരിക്കുവെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സ്വാമി രംഗത്തെത്തിയത്. ജി.ഡി.പിയുടെ (മൊത്ത ആഭ്യന്തര ഉല്‍പാദനം) ത്രൈമാസ വിവരങ്ങള്‍ കണക്കിലെടുക്കരുത്. അതെല്ലാം വ്യാജമാണ്. എന്റെ പിതാവാണ് സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപകന്‍. അടുത്തിടെ മന്ത്രി സദാനന്ത ഗൗഡക്കൊപ്പം അവിടെ പോയിരുന്നു. അവിടെ അദ്ദേഹം സി.എസ്.ഒയുടെ ചുമതലയുള്ളയാളെ വിളിച്ചു വരുത്തി. നോട്ട് നിരോധനം സംബന്ധിച്ച വിവരങ്ങളില്‍ കൃത്രിമം കാണിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു ഇത്. അതിനാലാണ് ജി.ഡി.പിയില്‍ നോട്ട് നിരോധനം പ്രതിഫലനമുണ്ടാക്കിയില്ലെന്ന് അവര്‍ പറയുന്നതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം എങ്ങിനെയാണ് സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ സാധിക്കുകയെന്ന് ഞാന്‍ അവരോട് ചോദിച്ചു. എന്നാല്‍ ഞങ്ങള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമാണുള്ളതെന്നും അതിനാലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നതെന്നുമായിരുന്നു സി.എസ്.ഒ ഉദ്യോഗസ്ഥരുടെ മറുപടി. മൂഡീസ്, ഫിച്ചെസ് ഏജന്‍സികളുടെ റേറ്റിങ് വിശ്വസിക്കരുതെന്നും പണം നല്‍കിയാല്‍ അവരെക്കൊണ്ട് എന്തു റിപ്പോര്‍ട്ടു വേണമെങ്കിലും ഏര്‍പ്പാടാക്കാന്‍ കഴിയുമെന്നും സ്വാമി പറഞ്ഞു. ഒരു മാസം മുമ്പ് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഉയര്‍ത്തിയിരുന്നു.

chandrika: