X

ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായി; എന്‍ഡിഎയില്‍ ഇനി അവശേഷിക്കുന്നത് ഒരേ ഒരു സഖ്യകക്ഷി മന്ത്രി

ന്യൂഡല്‍ഹി: ലോക്ജന്‍ശക്തി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ അവശേഷിക്കുന്നത് ഒരേയൊരു സഖ്യകക്ഷി മന്ത്രി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ)യുടെ രാംദാസ് അത്തേവാലയാണ് ഈ ഏകാംഗം. പാസ്വാന്‍ കൂടി പോയതോടെ കേന്ദ്രകാബിനറ്റില്‍ സഖ്യകക്ഷികള്‍ക്ക് പ്രതിനിധികള്‍ ഇല്ലാതായി. അത്തേവാല മന്ത്രിസഭയില്‍ ഉണ്ടെങ്കിലും സാമൂഹിക ശാക്തീകരണ നീതി വകുപ്പിലെ സഹമന്ത്രിയാണ് അദ്ദേഹം.

2019ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അധികാരമേറ്റ രണ്ടാം മോദി മന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ള മൂന്ന് ഘടകകക്ഷി മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഒന്ന് ശിരോമണി അകാലിദളിന്റെ ഹര്‍സിമത്രത് കൗര്‍ ബാദല്‍. ഇവര്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ഈയിടെ മന്ത്രിസ്ഥാനം രാജിവച്ചു. രണ്ടാമത്തേത്, ലോക്ജന്‍ശക്തിയുടെ രാം വിലാസ് പാസ്വാന്‍, മൂന്നാമത്തേത് ശിവസേനയുടെ അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളില്‍ നേരത്തെ ശിവസേന ബിജെപി വിട്ടിരുന്നു. 2019 അവസാനത്തിലാണ് സേന പതിറ്റാണ്ടുകള്‍ നീണ്ട എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചത്.

എന്‍ഡിഎയിലെ മറ്റൊരു പ്രധാന ഘടക കക്ഷിയായ ജെഡി(യു) മന്ത്രിസഭയില്‍ ചേര്‍ന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ, 24 കാബിനറ്റ് മന്ത്രിമാരും ഒമ്പത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്. ഇപ്പോള്‍ കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 21 ആയി ചുരുങ്ങി. റെയില്‍വേ സഹമന്ത്രി സുരേഷ് അന്‍ഗാഡിയുടെ മരണത്തോടെ സഹമന്ത്രിമാര്‍ 23 ആയി.

Test User: