മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും പദ്ധതിയിലൂടെ മോദി സർക്കാർ ഗ്രാമീണ മേഖലയെ വഞ്ചിക്കുകയായിരുന്നെന്നും ഖാർഗെ വിമർശിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം അറിയിച്ചത്.
2005ൽ, ഇതേ ദിവസമാണ്, അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ, ഗ്രാമീണ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം ഉറപ്പാക്കാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എം.ജി.എൻ.ആർ.ഇ.ജി.എ) നടപ്പാക്കിയതെന്ന് ഖാർഗെ അനുസ്മരിച്ചു.
2005-ൽ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യു.പി.എ) ഭരണത്തിന് കീഴിൽ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ജോലി ഉറപ്പാക്കാൻ കൊണ്ടുവന്ന പദ്ധതിയാണ് എം.ജി.എൻ.ആർ.ഇ.ജി.എ. പ്രായപൂർത്തിയായ, പ്രത്യേക തൊഴിൽ വൈദഗ്ധ്യമില്ലാത്ത ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് ജോലി ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. എല്ലാ വീട്ടിലെയും ഒരു അംഗത്തിനെങ്കിലും സാമ്പത്തിക വർഷത്തിൽ 100 ദിവസം വേതനം ലഭിക്കുന്ന തൊഴിൽ, പദ്ധതി ഉറപ്പ് നൽകുന്നു.
നിലവിൽ 13.3 കോടി സജീവ തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സാങ്കേതികവിദ്യയും ആധാറും ഉപയോഗിക്കുന്നതിൻ്റെ മറവിൽ മോദി സർക്കാർ 7 കോടിയിലധികം തൊഴിലാളികളുടെ ജോബ് കാർഡുകൾ ഇല്ലാതാക്കിയെന്നും ഈ കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് വെട്ടിമാറ്റിയെന്നും ഖാർഗെ വിമർശിച്ചു.
‘ തൊഴിലുറപ്പ് പദ്ധതിക്കുള്ള ഈ വർഷത്തെ ബജറ്റ് വിഹിതം മൊത്തം ബജറ്റ് വിഹിതത്തിൻ്റെ 1.78 ശതമാനം മാത്രമാണ്. ഇത് സ്‌കീമിൻ്റെ ഫണ്ടിങ്ങിലെ 10 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2014 മുതൽ, ഉത്തർപ്രദേശിലെ പ്രതിദിന വേതന നിരക്ക് പ്രതിവർഷം 4 ശതമാനം മാത്രമാണ് വർദ്ധിച്ചത്. ഇന്ന് ഒരു തൊഴിലാളിക്ക് പ്രതിദിനം ശരാശരി 213 രൂപ മാത്രമാണ് ലഭിക്കുന്നത്. ദേശീയ മിനിമം വേതനമായി പ്രതിദിനം 400 രൂപ നൽകാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധരാണ്,’ ഖാർഗെ പറഞ്ഞു.