X

മോദി സര്‍ക്കാറിന്റെ രണ്ടാമൂഴം ഇന്ന് തുടങ്ങും


രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ 8000ത്തോളം പേര്‍ അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി ഇതോടെ എന്‍.ഡി.എ സര്‍ക്കാറിന്റെ സ്ഥാനാരോഹണം മാറും. മോദിക്കൊപ്പം മന്ത്രിസഭയിലെ പ്രമുഖരും ഇന്ന് ചുമതലയേല്‍ക്കും. അതേസമയം മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പിന്നീടേ ഉണ്ടാകൂവെന്നാണ് സൂചന. വിപുലമായ ഒരുക്കങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി നടക്കുന്നത്.
പ്രൗഢമായ സദസ്സിനു മുന്നില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുതിര്‍ന്ന ബി. ജെ.പി നേതാക്കള്‍ക്കും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും പുറമെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നദ്, ഷാങ്ഹായ് കോര്‍പ്പറേഷന്‍(എസ്.സി.ഒ) അധ്യക്ഷന്‍ കൂടിയായ കിര്‍ഗിസ്ഥാന്‍ പ്രസിഡണ്ട് സൊറോന്‍ബേ ജീന്‍ബെക്കോവ് എന്നിവരേയും ബിംസ്റ്റെക് രാഷ്ട്ര തലവന്മാരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് രണ്ടാം മോദി മന്ത്രിസഭയിലേക്കില്ലെന്ന് നിലവില്‍ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വകുപ്പില്ലാ മന്ത്രിയായി തുടണമെന്ന് ജെയ്റ്റ്‌ലിയോട് മോദി നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. മോദി ഇന്നലെ രാത്രി ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിരുന്നു.
നിലവിലെ മന്ത്രിസഭാംഗങ്ങളില്‍ സീനിയര്‍ അംഗങ്ങളെ നിലനിര്‍ത്തിയും കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാവും രണ്ടാം മോദി സര്‍ക്കാറിന്റെ സ്ഥാനാരോഹണമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ മന്ത്രിസഭയില്‍ ചേരില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. അദ്ദേഹം ബി.ജെ.പി അധ്യക്ഷനായി തുടര്‍ന്നേക്കും. അങ്ങനെയെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാക്ക് പകരക്കാരനായി പരിഗണിച്ചിരുന്ന ജെ.പി നദ്ദ മന്ത്രിസഭയില്‍ തുടരും. നിലവില്‍ കേന്ദ്രമന്ത്രിമരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, ധര്‍മ്മേന്ദ്ര പ്രഥാന്‍, നരേന്ദ്രസിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‌വാള്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരും തുടരും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഘടക കക്ഷികളായ ജെ.ഡി.യുവിനും ശിവസേനക്കും രണ്ടു വീതം മന്ത്രിപദവികള്‍ ലഭിക്കും. എസ്.എ.ഡി, അപ്‌നാദള്‍, എല്‍. ജെ.പി, അണ്ണാഡി.എം. കെ എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതമുണ്ടാകും.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച മാരണത്തണ്‍ ചര്‍ച്ചകളാണ് നടന്നുവരുന്നത്. മോദി, അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗം അഞ്ചു മണിക്കൂറിലേറെ നീണ്ടു നിന്നിരുന്നു. ഇന്നു കാലത്തു ചേരുന്ന ഉന്നതതല യോഗം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ഔദ്യോഗിക പട്ടികക്ക് അംഗീകാരം നല്‍കി രാഷ്ട്രപതി ഭവനു കൈമാറും.

web desk 1: