നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യം വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രചാരണമാണ് നടക്കുന്നത്. സര്‍ക്കാറിന്റെ വീഴ്ചകളും ജനവിരുദ്ധ നയങ്ങളും ഒളി അജണ്ടകളും മറച്ചുപിടിക്കുന്നതിനാണ് മോദിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഹിന്ദുത്വ അജണ്ടയിലൂന്നിയ വര്‍ഗീയ ധ്രുവീകരണമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയ വഴി തെളിച്ചത്. വര്‍ഗീയ കലാപങ്ങളെ ഊര്‍ജമാക്കി നടത്തിയ കാമ്പയിന്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായിരുന്നു. അരക്ഷിതാവസ്ഥയും ഭീതിയും നിറഞ്ഞ സാമൂഹ്യാവസ്ഥയെ തന്ത്രപരമായി ചൂഷണം ചെയ്യുന്നതോടൊപ്പം അഛാ ദിന്‍ ആയേഗാ (നല്ല നാള്‍ വരും) ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളും ബി.ജെ.പി ഉയര്‍ത്തി. ഇതിനെല്ലാമുപരി മതേതര പാര്‍ട്ടികളുടെ അനൈക്യം എന്‍.ഡി.എയുടെ വിജയത്തിന് പ്രധാന കാരണമായിരുന്നു. കോണ്‍ഗ്രസും മതേതര പാര്‍ട്ടികളും തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ബി.ജെ. പി ഭരണം രാജ്യത്തിന് ആപത്തായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ കെടുതികളാണ് രാജ്യം ഇന്ന് നേരിടുന്നത്.
ശുഭപ്രതീക്ഷ നല്‍കിയായിരുന്നു മോദി ഭരണത്തിന്റെ തുടക്കം. വികസന പദ്ധതികള്‍, അയല്‍പക്ക ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍, ന്യൂനപക്ഷാനുകമ്പ നിലപാടുകള്‍ എന്നിവയൊക്കെ പ്രതീക്ഷ നല്‍കി. എന്നാല്‍ ന്യൂനപക്ഷങ്ങളുടെയും ദലിത് വിഭാഗങ്ങളുടെയും ആശങ്കകള്‍ അസ്ഥാനത്താണെന്ന തോന്നലുണ്ടാക്കാന്‍ മോദി ഭരണത്തിന് കഴിഞ്ഞത് മാസങ്ങള്‍ മാത്രമാണ്. പരിവാരം റിമോട്ട് കണ്‍ട്രോള്‍ ഭരണം ആരംഭിച്ചതോടെ മോദി സര്‍ക്കാറിന്റെ തനിനിറം പുറത്തുവന്നു. ഏകശിലാത്മകമായ ഇന്ത്യയെന്ന പരിവാര സങ്കല്‍പത്തെ സാക്ഷാത്കരിക്കാനുള്ള ഉപകരണമായി കേന്ദ്ര സര്‍ക്കാര്‍ മാറി. ഒറ്റ മതം, ഒറ്റ ഭാഷ (ഹിന്ദുത്വ, ഹിന്ദി) എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ മതേതരത്വം എന്ന വാക്കിനെ തന്നെ അപ്രസക്തമാക്കി.
കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെച്ച സന്ദേശം ലളിതമായിരുന്നു. ന്യൂനപക്ഷങ്ങളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് നേര്‍ക്കുനേര്‍ ബി.ജെ.പി പ്രഖ്യാപിച്ചു. 403 അംഗ അസംബ്ലിയിലേക്ക് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാളെ പോലും മത്സരിപ്പിക്കാന്‍ ബി.ജെ.പി തയാറായില്ല. നിങ്ങളുടെ വോട്ടും വേണ്ട, നിങ്ങളേയും വേണ്ട എന്ന നിലയിലേക്ക് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തി വിജയം നേടാനായി എന്നത് മതേതര ഇന്ത്യയെ സംബന്ധിച്ച് ശുഭകരമായ കാര്യമല്ല. ന്യൂനപക്ഷങ്ങളോട് മാത്രമല്ല, ദലിത് വിഭാഗത്തോടും ഈ നിലപാടാണ് പരിവാരത്തിനുള്ളത്.
ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട മഹാഭൂരിപക്ഷത്തിന് രാഷ്ട്രീയാധികാരം മാത്രമല്ല, സാമ്പത്തിക പുരോഗതിയും നിഷേധിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ബീഫ് നിരോധനത്തിനും ഉണ്ട് ഇങ്ങനെയൊരു കാര്യം. മാംസ കച്ചവടം, തുകല്‍ വ്യവസായം, തുകലെടുക്കല്‍ തുടങ്ങി ചെറുതും വലുതുമായ ജോലികളില്‍ ഏര്‍പ്പെടുന്നത് അധികവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരോ, ദലിതുകളോ ആണ്. (ഏറെക്കുറെ തൊഴിലധിഷ്ഠിതമാണല്ലോ ജാതി വ്യവസ്ഥ. അതുകൊണ്ടാകാം.)
ഡിജിറ്റല്‍ ഡിവൈഡിങ് സമ്പത്തും അധികാരവും ഏതാനും പേര്‍ക്ക് എന്ന നിലയിലേക്ക് കൊണ്ടുവരും. പഴയ കാലത്തെന്ന പോലെ സമൂഹത്തിലെ ഉപരിവര്‍ഗത്തിന് മാത്രമായി സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പവര്‍ ഉള്ളവര്‍ക്ക് മാത്രമായി സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം കൊടുക്കുകയാണ്. സാമ്പത്തിക ക്രയവിക്രയത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ നിരക്ഷര ജനകോടികള്‍ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെടും. കാഷ്‌ലെസ് എക്കോണമി അസാധ്യമാണെന്നതിന് കേരളം ഉദാഹരണമാണ്. കമ്പ്യൂട്ടര്‍ സാക്ഷരതയിലുള്‍പ്പെടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് അസാധ്യമായത്, ഇന്നും വൈദ്യുതി പോലും എത്താത്ത ആയിരക്കണക്കിന് ഉത്തേരന്ത്യന്‍ ഗ്രാമങ്ങളില്‍ നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നത്. ഡിജിറ്റല്‍ പവര്‍ സൊസൈറ്റിക്ക് മാത്രമായി സാമ്പത്തികാവകാശം പരിമിതപ്പെടുകയാണ് ഫലത്തില്‍ സംഭവിക്കുക. കോടിക്കണക്കിന് ഗ്രാമീണരെയും വയോജനങ്ങളേയും നിരക്ഷരരേയും ഇത് കൊടിയ ദുരിതത്തിലേക്ക് തള്ളിവിടും.
500, 1000 രൂപ നോട്ടുകളുടെ നിരോധനത്തിലൂടെ ദുരിതം ഏറ്റുവാങ്ങിയതും സാധാരണക്കാരാണ്. ഒട്ടും ആലോചനയില്ലാതെ കൈക്കൊണ്ട നടപടിയായിരുന്നു നോട്ടു നിരോധനം. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു ഈ നടപടി. എന്നാല്‍ നോട്ടു നിരോധനത്തിന് ശേഷം കള്ളപ്പണം കൂടി വൈറ്റായി ബാങ്കുകളിലെത്തി. നോട്ടു നിരോധനം വ്യാപാര, വ്യവസായ മേഖലയിലും കാര്‍ഷിക രംഗത്തുമുണ്ടാക്കിയ തിരിച്ചടി പെട്ടെന്ന് പരിഹരിക്കാനാകുന്നതല്ല. ചെറുകിട വ്യവസായ മേഖലയില്‍ മാത്രം 40 ശതമാനത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കാര്‍ഷിക മേഖലക്കുണ്ടായ നഷ്ടം ഒന്നോ രണ്ടോ വര്‍ഷം കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടു നിരോധനം വമ്പന്‍ പരാജയമാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനെ വിമര്‍ശിച്ചവരെ ദേശസ്‌നേഹം കൊണ്ട് എതിരിടുകയാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ചെയ്തത്.
യു.പി.എ സര്‍ക്കാറിന് വ്യക്തമായ സാമ്പത്തിക നയമുണ്ടായിരുന്നു. ലോകം നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ മന്‍മോഹന്‍ സിങിനായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ചൈനയെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ പിന്തള്ളുമെന്നുമായിരുന്നു അക്കാലത്തെ വിലയിരുത്തല്‍. എന്നാല്‍ ഇന്നത്തെ സ്ഥിതി വളരെ നിരാശാജനകമാണ്. വ്യാവ സായിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴേക്ക് പോയി. തൊഴിലില്ലായ്മ വര്‍ധിച്ചു. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. സംരംഭകര്‍ക്കാകെ തിരിച്ചടിയാണ്. ഔട്ട് സോഴ്‌സിങ് ജോലികള്‍ ഇല്ലാതാകുന്ന സ്ഥിതിയാണ്. വസ്തുതകള്‍ ഇതായിരിക്കേയാണ് മോദി ഇഫക്ട് സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തെ മൂടിവെക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള നല്ല നീക്കമെന്ന നിലക്കാണ് അനുയായികള്‍ ഇതിനെ വിശദീകരിക്കുന്നത്. നിര്‍ഭാഗ്യകരമായ വസ്തുത വിദേശ നയതന്ത്ര ബന്ധം കൂടുതല്‍ വശളായി എന്നതാണ്.
മോദി പല കാര്യങ്ങളിലും മൗനം പാലിക്കുകയാണ്. കര്‍ഷക സമരങ്ങളോട് മാത്രമല്ല, എല്ലാ എതിര്‍പ്പുകളോടും അസഹിഷ്ണുത കാട്ടുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തന്നെ പലപ്പോഴും ചോദ്യം ചെയ്യുന്നു. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ വിഭജിക്കപ്പെടുന്നത് ഒരു പ്രധാനമന്ത്രിക്ക് എത്രകാലം നോക്കിയിരിക്കാനാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടം വിധി നടപ്പാക്കുന്നത് നീതി നിര്‍വഹണ സംവിധാനത്തെ അപഹാസ്യമാക്കുന്നു. ബീഫ് രാഷ്ട്രീയമാണ് ഇതിന് അവര്‍ ഉപയോഗിക്കുന്നത്. മുഹമ്മദ് അഖ്‌ലാഖിന്റെ മരണം മാത്രമല്ല, ആള്‍ക്കൂട്ടങ്ങള്‍ നടത്തിയ എല്ലാ കൊലപാതകങ്ങളിലും ഇരയായത് ന്യൂനപക്ഷങ്ങളോ, ദലിതുകളോ ആണ്. ഈ വിഭാഗങ്ങളുടെ നിലനില്‍പിന് തന്നെ ഭീഷണി ഉയരുന്നു. ഭയപ്പാടോടെ ഒരു ജനത ജീവിക്കേണ്ടി വരുന്ന സ്ഥിതി ദുസ്സഹമാണ്. ഇന്ത്യയിലെ മതേതര കക്ഷികള്‍ക്ക് ഇപ്പോള്‍ യോജിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് അവസരം ലഭിച്ചേക്കില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിവിധ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തത് യോജിപ്പിന്റെ ആദ്യ ചവുട്ടടിയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ് ഒരു വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിലും നിഴലിക്കുന്നത്. കേരളത്തെ സംബന്ധിച്ച് കോട്ടങ്ങളുടെ ഒരു വര്‍ഷമാണ് കടന്നുപോയത്. ഈ സര്‍ക്കാറിന് നേട്ടങ്ങള്‍ ഒന്നും പറയാനില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ചാണ് ഇപ്പോള്‍ ഇടുതുമുന്നണി പറയുന്നത്. ഒരു വര്‍ഷത്തിനിടെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ഇപ്പോഴത്തെ നിലക്കാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ ഏറ്റവും മോശം പെര്‍ഫോമന്‍സ് എന്ന ഖ്യാതിയാണ് ഇടതുമുന്നണി സര്‍ക്കാറിനെ കാത്തിരിക്കുന്നത്. സര്‍ക്കാറിന്റെ വിലയിരുത്തലാകും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പെന്ന പ്രഖ്യാപനത്തോടെയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വലിയ പരാജയമാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ രണ്ട് ഉപതെരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നു. പിറവത്ത് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ ഇടതുമുന്നണിയില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാനും യു.ഡി.എഫിനായി. നൂറുദിന കര്‍മ പരിപാടിയോടെ തുടക്കം കുറിച്ച യു.ഡി.എഫ് സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളുടെ പ്രതിഫലനമായിരുന്നു ഉപതെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായത്. വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി കേരളത്തിന്റെ മുഖഛായ മാറ്റുന്ന വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ ഒരു വര്‍ഷം കൊണ്ട് യു.ഡി.എഫിനായി. ഇടതുമുന്നണി ഒരു വര്‍ഷം തികക്കുമ്പോഴും തുടക്കം കിട്ടാതെ കിതക്കുകയാണ്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് ഭരണത്തെ നിശ്ചലമാക്കിയിരിക്കുന്നു. ഫയലുകള്‍ നീങ്ങുന്നില്ല. പദ്ധതി വിഹിതം ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതി മുമ്പൊരിക്കലുമുണ്ടായിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. വിജയിക്കുമെന്നുറപ്പില്ലാത്ത പരീക്ഷണമാണിത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും കിഫ്ബി എങ്ങുമെത്തിയിട്ടില്ല. കേരളത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ഇന്നാരും സംസാരിക്കുന്നില്ല. തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പരാജയപ്പെടുന്നത് കേരളമായിരിക്കും.
- 8 years ago
chandrika
Categories:
Video Stories