X
    Categories: indiaNews

ഗാന്ധി കുടുംബത്തെ വിടാതെ മോദി സര്‍ക്കാര്‍;കേന്ദ്രവേട്ട തുടരുന്നു

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസിനു പിന്നാലെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരിലും മോദി സര്‍ക്കാര്‍ ഗാന്ധി കുടുംബത്തെ വേട്ടയാടാന്‍ ഒരുങ്ങുന്നുവെന്ന സൂചന നല്‍കുന്നതാണ് പുതിയ നീക്കം.

സര്‍ക്കാരിതര സംഘടനകള്‍ക്ക് വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റലുഗേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) പ്രകാരമുള്ള ലൈസന്‍സ്. ലൈസന്‍സ് റദ്ദാക്കിയതിനു പിന്നാലെ രാജീവ് ഗാന്ധി ഫൗണ്ടഷേനും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനുമെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചെയര്‍മാന്‍. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവര്‍ അംഗങ്ങളും. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനെ നയിക്കുന്നതും സോണിയാ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധിയും മുന്‍ രാജ്യസഭാ എം.പി ഡോ. അശോക് എസ് ഗാംഗുലിയും അടക്കമുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്.

2020ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആഭ്യന്തര മന്ത്രാലയ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്റേയും ട്രസ്റ്റിന്റേയും ലൈസന്‍സ് റദ്ദാക്കാനും സി.ബി.ഐ അന്വേഷണത്തിന് വിടാനുമുള്ള തീരുമാനമെന്നാണ് വിവരം. ആദായ നികുതി വെട്ടിപ്പ് നടന്നു, ഫണ്ട് ദുരുപയോഗം ചെയ്തു, ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ച ഫണ്ടിന് നികുതി ഒടുക്കിയില്ല തുടങ്ങിയ വീഴ്ചകളാണ് ആഭ്യന്തര മന്ത്രാലയ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ഡല്‍ഹി പാര്‍ലമെന്റ് മന്ദിരത്തോടു ചേര്‍ന്ന് രാജേന്ദ്ര പ്രസാദ് റോഡിലുള്ള ജവഹര്‍ ഭവനിലാണ് രണ്ടു സംഘടനകളുടെയും ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റിനു നേരെയും മോദി സര്‍ക്കാര്‍ അന്വേഷണത്തിന് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ദിരാഗാന്ധി ട്രസ്റ്റിന്റെ ലൈസന്‍സ് റദ്ദാക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍

1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. ആരോഗ്യം, ശാസ്ത്ര സാങ്കേതികം, വനിതാ ശിശു ക്ഷേമം, അംഗ പരിമിതരുടെ ക്ഷേമം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനു വേണ്ടിയും ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു.

രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്

2002ലാണ് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയത്. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളിലേക്ക്, പ്രത്യേകിച്ച് ദരിദ്ര ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഉത്തര്‍പ്രദേശിലും ഹരിയാനയിലേയും തീര്‍ത്തും ദരിദ്രരായ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ സംഘടന പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി രാജീവ് ഗാന്ധി മഹിളാ വികാസ് പരിയോജന (ആര്‍.ജി.എം.വി.പി), ഇന്ദിരാഗാന്ധി എയ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ (ഐ.ജി.ഇ.എച്ച്.ആര്‍.സി) എന്നിവയും ട്രസ്റ്റിനു കീഴില്‍ ആരംഭിച്ചിരുന്നു.

Test User: