ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള ദുരിതങ്ങള്‍ തീരും മുമ്പ് നരേന്ദ്രമോദി സര്‍ക്കാറിന്റെ അടുത്ത നയം വരുന്നു. കോടതികളെ നിയന്ത്രിച്ചാണ് ഇത്തവണ ബിജെപി സര്‍ക്കാര്‍ പുതിയ ‘മാറ്റ’ത്തിനൊരുങ്ങുന്നത്. അടിയന്തര ഇടപെടലുകള്‍ സര്‍ക്കാറിന്റെ വികസന പ്രവൃത്തികളെ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതികളെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് നിയമ ഭേദഗതി ചെയ്യാനാണ് മോദിയുടെ നീക്കം.
കോടതികളുടെ ഇടപെടലുകളില്‍ രാജ്യ പുരോഗതി തടസ്സപ്പെടുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. അതിനാല്‍ ക്ഷേമപദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് തടസ്സമാകുന്ന കോടതി ഇടപെടലുകളെ നിയന്ത്രിക്കാന്‍ നിയമത്തില്‍ 14എ എന്ന പുതിയ വകുപ്പ് ചേര്‍ക്കും. ഇതുസംബന്ധിച്ച ബില്‍ കേന്ദ്രമന്ത്രിസഭുടെ അംഗീകാരത്തിന് അയച്ചിട്ടുണ്ടെന്നാണ് വിവരം. മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. സ്പസിഫിക് റിലീഫ് ആക്ടിന്റെ സെക്ഷന്‍-2 മാറ്റി പൊതുമരാമത്ത് കരാറുകള്‍ക്ക് പുതിയ നിര്‍വചനവും നിയമഭേദഗതിയില്‍ കൊണ്ടുവരുമെന്നാണ് സൂചന. കേന്ദ്ര സംസ്ഥാന പ്രാദേശിക സര്‍ക്കാറുകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികള്‍, നവീകരണ പ്രവൃത്തികള്‍, അറ്റകുറ്റപണികള്‍ എന്നിവയാണ് പൊതുമരാമത്ത് കരാറെന്ന നിര്‍വചനത്തില്‍ വരിക. പൂനെ മെട്രോ പദ്ധതിക്ക് ഇടക്കാല ഉത്തരവിട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിയാണ് മോദി സര്‍ക്കാറിനെ ചൊടിപ്പിച്ചത്.