ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സ്വാമി വിവേകാനന്ദ പ്രതിമ അനാച്ഛാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. മോദിക്കെതിരെ വാഴ്‌സിറ്റിയുടെ അഞ്ചാം നമ്പര്‍ ഗേറ്റില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വൈകിട്ട് അഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് ആറിനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.
മോദി ഗോ ബാക്ക്, ഇക്കാര്യങ്ങള്‍ക്ക് ഉത്തരം വേണം എന്ന തലക്കെട്ടുകളുള്ള പോസ്റ്ററുകള്‍ ക്യാംപസില്‍ പ്രത്യക്ഷപ്പെട്ടു. മോദി സര്‍ക്കാറിന്റെ വിദ്യാഭ്യാസ-വിദ്യാര്‍ത്ഥി വിരുദ്ധമായ നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം എന്ന് നോട്ടീസുകളില്‍ പറയുന്നു.
‘ഒടുവില്‍ മോദി ജെഎന്‍യു സന്ദര്‍ശിക്കുകയാണ് (വിര്‍ച്വലായി). ബിജെപിയും ആര്‍എസ്എസും ജെഎന്‍യുവിനെ വെറുത്തിരുന്നു. അതിന് ദേശവിരുദ്ധ നിറം നല്‍കുകയും ടുക്‌ഡെ ടുക്‌ഡേ സംഘത്തിന്റെ നേതാവാണ് എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. 2016 ഒക്ടോബര്‍ 16ന് ഞങ്ങള്‍ മോദിയുടെ കോലം കത്തിച്ചു. ഇന്ന് ഇന്ത്യയില്‍ ഉടനീളം കര്‍ഷകര്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നു. കര്‍ഷക പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അത് സ്വാമി വിവേകാനന്ദന്റെ ആത്മാവിനോട് മോദി ചെയ്യുന്നു ഏറ്റവും വലിയ അനീതിയാണ്’ – ജെഎന്‍യു വിദ്യാര്‍ത്ഥി സണ്ണി ധിമാന്‍ ടൈംസ് നൗവിനോട് പറഞ്ഞു.
അതിനിടെ, അനാച്ഛാദന ചടങ്ങ് മോദി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ജെഎന്‍യു ക്യാംപസില്‍ വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും തന്റെ ചിന്തകള്‍ പങ്കുവയ്ക്കുമെന്നുമാണ് മോദി കുറിച്ചത്.