X

മോദിയുടെ ഫിറ്റ്‌നസ് ചാലഞ്ച് വീഡിയോയുടെ ചെലവ് 35ലക്ഷം രൂപ; പ്രധാനമന്ത്രിയുടെ വാദം പൊളിയുന്നു

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട യോഗ വീഡിയോക്ക് പണം ചെലവഴിച്ചില്ലെന്ന വാദം പൊളിയുന്നു. മോദിയുടെ യോഗ വീഡിയോക്കു വേണ്ടി ചെലവഴിച്ചത് 35 ലക്ഷം രൂപയാണെന്നാണ് വിവരം.

അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21നുവേണ്ടി മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും ഫിറ്റ്‌നസ് ചാലഞ്ചിന്റെ വീഡിയോ ചിത്രീകരിക്കുമാണ് ഈ തുക ചെലവഴിച്ചത്. യോഗ ഡേയുടെ ഭാഗമായി മോദിയെ കഥാപാത്രമാക്കി ആനിമേഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ ചെലവഴിച്ച തുകക്കു പുറമെയാണ് ഈ തുക. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അനൗദ്യോഗികമായി പുറത്തുവിട്ടതെന്ന് ഇന്ത്യ സ്‌കൂപ്പ്‌സ്.കോം റിപ്പോര്‍ട്ട് ചെയ്തു.

ആനിമേഷന്‍ വീഡിയോക്കു മാത്രം കുറഞ്ഞത് 40 മുതല്‍ 45 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയിലെ പോലെ ഏതെങ്കിലും വലിയ ആനിമേഷന്‍ സ്റ്റുഡിയോയെ ആണ് ജോലി ഏല്‍പ്പിച്ചതെങ്കില്‍ ആ ചെലവ് 75 മുതല്‍ 80 ലക്ഷം രൂപ വരെ ആയിരിക്കുമെന്നും വാര്‍ത്തകളുണ്ട്.

ഈ രണ്ടു തുകകളും തേഡ് പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തതാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തേഡ് പാര്‍ട്ടി ആരാണെന്ന വിവരം പുറത്തുവിടാന്‍ ആരും തയാറായിട്ടില്ല.

ബി.ജെ.പി മീഡിയ സെല്ലിന്റെ നിര്‍ദേശപ്രകാരം സ്വകാര്യ കമ്പനിയാണ് മോദിയുടെ ആനിമേറ്റഡ് യോഗ വേര്‍ഷന്‍ വീഡിയോ തയാറാക്കിയത്. എന്നാല്‍ മോദിയുടെ ഫിറ്റ്‌നസ് ചാലഞ്ചും യോഗ ഫോട്ടോയും ചിത്രീകരിക്കാന്‍ പണം നല്‍കിയത് ആരെന്നത് ഇനിയും വ്യക്തത വരേണ്ടതുണ്ട്.
മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍കിബാതില്‍ ആനിമേറ്റഡ് യോഗ വീഡിയോ നിര്‍മിച്ചതും പ്രചരിപ്പിച്ചതും ആരായാലും അവരെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞ് ജനങ്ങളെ പ്രശംസിച്ചിരുന്നു. യോഗ വീഡിയോ മോദി തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

വീഡിയോ വലിയ തോതില്‍ പ്രചരിപ്പിക്കാനും മാധ്യമങ്ങളിലും ടി.വി ചാനലുകളിലും െ്രെപം ടൈമില്‍ തന്നെ വരുത്തുന്നതിനും വേണ്ടി വന്‍തുക ചിലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഫിറ്റ്‌നസ് ചാലഞ്ചിനു വേണ്ടി വന്‍ തുക ചെലവഴിച്ചതായി ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. യോഗാദിനം ആചരിക്കാന്‍ ഇരുപതു കോടി രൂപയും ഫിറ്റ്‌നസ് ചാലഞ്ച് വീഡിയോ ചിത്രീകരണത്തിന് 35 ലക്ഷം രൂപയും ചെലവഴിച്ചുവെന്നാണ് തരൂര്‍ കുറിച്ചത്. ഒപ്പം വാര്‍ത്ത പുറത്തുവിട്ട ഇന്ത്യ സ്‌കൂപ്‌സിന്റെ ലിങ്കും ഷെയര്‍ ചെയ്തിരുന്നു.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ രംഗത്തുവന്നിരുന്നു. മോദിയുടെ വീഡിയോക്കായി ഒരൊറ്റ ആടു പോലും ബലിയാടായിട്ടില്ലെന്നായിരുന്നു പരിഹാസ സൂചേന പറഞ്ഞത്. എന്നാല്‍ റാത്തോറിന്റെ പ്രതികരണത്തിന് മറുപടിയായി തരൂര്‍ വീണ്ടും കുറിപ്പിട്ടതോടെ ട്വിറ്ററില്‍ ചര്‍ച്ച സജീവമായി. ആടുകള്‍ ബലിയാടായിട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷേ ഇന്ത്യയിലെ ജനങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്. നികുതിദായകരുടെ 20 കോടി രൂപ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തം നേട്ടത്തിനുവേണ്ടി പരസ്യം ചെയ്യുന്നതെന്നും തരൂര്‍ പറഞ്ഞു.

chandrika: