ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയപ്പെടുത്തുവെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗാന്ധി കുടുംബത്തെ ആക്ഷേപിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലേയും ഗുജറാത്തിലേയും ബി.ജെ.പി സര്‍ക്കാരുകളുടെ ഭരണത്തിലെ ദുരവസ്ഥ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് അനുകൂലമാകും. രാഹുല്‍ഗാന്ധിയുടെ മാറ്റത്തില്‍ പേടിക്കുന്നത് കൊണ്ടാണ് മോദി ഗാന്ധി കുടുംബത്തിനെതിരെ രംഗത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ സാഹചര്യമാണ്. ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് വലിയ പദ്ധതിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നല്‍കുക മാത്രമാണ് മോദി ചെയ്യുന്നത്. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തയ്യാറായിട്ടില്ല. ജി.എസ്.ടി നടപ്പിലാക്കിയത് കച്ചവടക്കാരെ മോശമായാണ് ബാധിച്ചിട്ടുള്ളത്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കോണ്‍ഗ്രസ്സിന് അനുകൂലമായ സാഹചര്യമാണ് നിലവില്‍ ഗുജറാത്തിലുള്ളതെന്നാണ് വിലയിരുത്തലെന്നും പവാര്‍ പറഞ്ഞു.