X

ഭക്ഷണം കഴിക്കുന്നതിനിടെ മോദി ആരാധകന്റെ ആക്രോശം: രാജ്ദീപ് സര്‍ദേശായിയുടെ മറുപടി

ബംഗളൂരു: കര്‍ണാടകയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കു നേരെ മോദി ആരാധകന്റെ ആക്രോശം.

ബംഗളൂരുവിലെ റിച്ച്‌മോണ്ട് സര്‍ക്കിള്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ടെക്കിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ഒരാള്‍ സര്‍ദേശായിയുടെ നേര്‍ക്ക് തട്ടിക്കയറിയത്. നിങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്നും ഹിന്ദുക്കള്‍ക്കെതിരെ മിണ്ടിപ്പോകരുതെന്നുമായിരുന്നു യുവാവിന്റെ ആക്രോശം.
താങ്കള്‍ക്ക് മാന്യതയില്ലെയെന്ന് രാജ്ദീപ് സര്‍ദേശായി ചോദിച്ചപ്പോള്‍ മാന്യതയില്ലാത്തത് നിങ്ങള്‍ക്കാണെന്നും വാര്‍ത്തകളിലൂടെ വിഡ്ഢിത്തം പുലമ്പുകയാണ് നിങ്ങളെന്നുമായിരുന്നു ബിജെപി പ്രവര്‍ത്തകന്റെ മറുപടി.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സര്‍ദേശായിക്കു പിന്തുണയുമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തുവന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇതെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സര്‍ദേശായി ട്വിറ്ററിലൂടെ ശക്തമായി പ്രതികരിച്ചു.

സംഭവത്തിനു പിന്നാലെ ഹോട്ടലിലുള്ള ആളുകള്‍ തനിക്ക് സമീപമെത്തി മാപ്പു പറഞ്ഞെന്നും താങ്കള്‍ക്കു നേരെ ആക്രോശിച്ച ഗുണ്ടകള്‍ ബംഗളൂരുവിനെ പ്രതിനിധാനം ചെയ്യുന്നതായി തോന്നുന്നില്ലെന്നും അവര്‍ പ്രതികരിച്ചതായി സര്‍ദേശായി പറഞ്ഞു. തനിക്കു നേരെ ആക്രോശിച്ച വ്യക്തി ഇന്ത്യയെയോ ബംഗളൂരുവിനെയോ പ്രതിനിധീകരിക്കുന്ന വ്യക്തിയല്ല. രാജ്യത്തെ പ്രതീക്ഷ നശിച്ചിട്ടില്ലെന്നതിന് തെളിവാണ് ഹോട്ടലിലുള്ളവര്‍ തന്നെ പിന്തുണച്ചതെന്നും സര്‍ദേശായി പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴും രാജ്ദീപ് സര്‍ദേശായിക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രതിഷേധം വകവെക്കാതെ റിപ്പോര്‍ട്ടിങ് തുടര്‍ന്നെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ മോദി മോദി എന്ന് മുദ്രാവാക്യം വിളിച്ച് സര്‍ദേശായിയോട് കയര്‍ക്കുകയായിരുന്നു.

Watch Video:

chandrika: