X
    Categories: CultureMoreViews

റോഡ് യാത്ര ഉപേക്ഷിച്ച് ഹെലികോപ്ടറില്‍ കയറിയിട്ടും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് മോദി

ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ പ്രതിഷേധക്കാരെയും കരിങ്കൊടികളെയും ഭയന്ന് റോഡ് യാത്ര ഒഴിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം. കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയെ തമിഴ് പ്രതിഷേധത്തിന്റെ ചൂടറിയിച്ചത്.

പ്രതിരോധ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് തമിഴ്‌നാട്ടിലും സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്നത്. കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തമിഴ്‌നാടിന് വിരുദ്ധമാണെന്നാരോപിച്ച് വിവിധ രാഷ്ട്രീയ, സാമൂഹ്യ കക്ഷികള്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ‘മോദി തിരിച്ചു പോവുക’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമാവുകയും ചെയ്തു.

രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ മോദി എത്തിയതു തന്നെ തമിഴ് പ്രതിഷേധത്തിന്റെ കടുപ്പം നേരിട്ടറിഞ്ഞു കൊണ്ടാണ്. കരിങ്കൊടികളും കറുത്ത നിറമുള്ള ബലൂണുകളും മറ്റുമായി വലിയൊരു ആള്‍ക്കൂട്ടം രാവിലെ തന്നെ ചെന്നൈ വിമാനത്താവളത്തിനു പുറത്തുണ്ടായിരുന്നു. ഇതോടെ, മുന്‍നിശ്ചയിച്ച റോഡ് യാത്ര ഉപേക്ഷിച്ച് ഹെലികോപ്ടറിലാണ് മോദി ഡിഫ്എക്‌സ്‌പോ നടക്കുന്ന തിരുവിടന്‍തായില്‍ എത്തിയത്.

പ്രതിഷേധങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പുതിയ റോഡ് നിര്‍മിച്ചിരുന്നു. ഐ.ഐ.ടിയുടെ മതില്‍ പൊളിച്ചും നിരവധി മരങ്ങള്‍ മുറിച്ചു മാറ്റിയുമായിരുന്നു റോഡ് നിര്‍മാണം.

അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മോദിയുടെ സന്ദര്‍ശനത്തിനു വേണ്ടി ഹെലിപാഡ് ഒരുക്കിയത് മദ്രാസ് ഐ.ഐ.ടിയിലാണ്. മോദി കോപ്ടറില്‍ നിന്ന് ഇറങ്ങുന്നതും കാത്ത് പെരിയാര്‍-അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധകള്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുകള്‍ പിടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ മോദിക്കു നേരെ ഉയര്‍ത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: