ന്യൂഡല്‍ഹി: ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ച് വിവാദം ഉടലെടുത്തതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി വാള്‍സ്ട്രീറ്റ് ജേണല്‍. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസ് തെരഞ്ഞെടുപ്പില്‍ മോദിയെ ജയിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫേസ്ബുക്ക് ജീവനക്കാരുടെ കൂട്ടായ്മയില്‍ നേരത്തെ അങ്കി ദാസ് പോസ്റ്റ് ചെയ്ത കാര്യങ്ങളാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. നേരത്തെ, ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്ന് പുറത്തുവന്നിരുന്നു.
‘സമൂഹമാധ്യമ പ്രചാരണത്തില്‍ നമ്മള്‍ അദ്ദേഹത്തിന് (മോദി) വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം’- 2014 ലെ തിരഞ്ഞെടുപ്പില്‍ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുമ്പ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വര്‍ഷമായി അടിത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഈ പോസ്റ്റുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകളില്‍ നിഷ്പക്ഷത പുലര്‍ത്തുമെന്ന് ഫേസ്ബുക്കിന്റെ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു അങ്കി ദാസിന്റെ പോസ്റ്റുകള്‍.
ബി.ജെ.പിയെ ഉയര്‍ത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിര്‍ദേശിച്ച് വര്‍ഷങ്ങളായി കമ്പനിക്കുള്ളില്‍ അങ്കി ദാസ് ഇടപെടലുകള്‍ നടത്തിയെന്നും വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്കി ദാസിന്റെ നിലപാടിനെതിരെ കമ്പനിയിലെ ജീവനക്കാര്‍ തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് അങ്കി ദാസിന്റെ നീക്കമെന്ന് ജീവനക്കാര്‍ പറയുന്നു.
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി എടുക്കാത്ത ഫേസ്ബുക്കിന്റെ നിലപാട് അങ്കി ദാസിന്റെ ഇടപെടലുകൊണ്ടാണെന്ന് നേരത്തെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.ജെ.പിക്കെതിരെ നടപടിയെടുത്താല്‍ ഫേസ്ബുക്കിന്റെ ബിസിനസ് താല്‍പര്യങ്ങളെ ബാധിക്കുമെന്ന് അങ്കി ദാസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും വാള്‍സ്ട്രീറ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നിലപാടെടുക്കുന്നില്ലെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സെപ്റ്റംബര്‍ രണ്ടിന് (ബുധനാഴ്ച) ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ ഫേസ്ബുക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ ഫേസ്ബുക്ക് എന്ത് മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്ന് സമിതിക്ക് മുമ്പാകെ വിശദീകരിക്കേണ്ടിവരും. അതിനിടെയാണ്, ഇന്ത്യയിലെ തെരഞ്ഞെടുപ്പിലടക്കം ഫേസ്ബുക്ക് ഇടപെട്ടന്ന നിലയിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.