ന്യൂഡല്‍ഹി: നരേന്ദ്ര മോദി ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന 1978-ലെ പരീക്ഷാ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയോട് ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ലംഘിക്കുമെന്നതിനാല്‍ 1978 വര്‍ഷത്തെ വിവരങ്ങള്‍ വിവരാകവാശ നിയമ പ്രകാരം പുറത്തുവിടാന്‍ കഴിയില്ലെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി വാദിച്ചെങ്കിലും, ഹര്‍ജിക്കാരന് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് രാജീവ് ഷാദ്‌ഖേര്‍ നോട്ടീസയക്കുകയായിരുന്നു.
1978-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി എന്നാണ് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാള്‍ ഇതില്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ മോദി ഫൈനല്‍ പരീക്ഷ പാസായി എന്നവകാശപ്പെട്ട 1978-ലെ രേഖകള്‍ക്കായി കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. വിവരങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതിയോട് ഉത്തരവിട്ട കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലുവില്‍ നിന്ന്, മാനവ ശേഷി വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരാകവാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം എടുത്തു കളഞ്ഞിരുന്നു.
ഡിഗ്രി പാസായിട്ടുണ്ടെന്ന നരേന്ദ്ര മോദിയുടെ അവകാശ വാദം സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ഇതു സംബന്ധിച്ചുള്ള രേഖകള്‍ പുറത്തു വരാതിരിക്കാന്‍ കര്‍ശന ജാഗ്രതയാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ഓഫ്പ്പണ്‍ ലേണിങ് (എസ്.ഒ.എല്‍) വഴിയാണ് താന്‍ ബിരുദം നേടിയത് എന്നായിരുന്നു മോദിയുടെ അവകാശ വാദം. എന്നാല്‍, 1978-ലെ രേഖകള്‍ ഒന്നും തങ്ങളുടെ കൈവശമില്ലെന്ന് എസ്.ഒ.എല്‍ വിവരാവകാശ രേഖക്ക് മറുപടിയായി അറിയിച്ചിരുന്നു.
മോദിയുടെ ബിരുദ വിഷയത്തില്‍ ഹൈക്കോടതി ഇന്ന് വാദം കേട്ടപ്പോള്‍, വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന ശക്തമായ നിലപാടാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത കോടതിയില്‍ സ്വീകരിച്ചത്. പരാതിക്കാരായ അഞ്ജലി ഭരദ്വാജ്, നിഖില്‍ ഡേ, അമൃത ജോഹ്രി എന്നിവര്‍ക്ക് സ്ഥാപിത താല്‍പര്യമുണ്ടെന്നും തുഷാര്‍ മേഹ്ത വാദിച്ചു.
എന്നാല്‍, ഇത് പൊതു താല്‍പര്യമുണര്‍ത്തുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നും ഹരജിക്കാര്‍ വാദിച്ചു. നേരത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ തുടങ്ങിയവരുടെ നിയമനത്തില്‍ ഇതുപോലെ മുന്‍ വര്‍ഷങ്ങളിലെ വിദ്യാഭ്യാസ രേഖകള്‍ പരിശോധി്കാന്‍ ഡല്‍ഹി ഹൈക്കോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.