X
    Categories: Culture

സൈനികര്‍ക്കായി മോദിയുടെ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: സൈനികരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ക്യാമ്പയിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദേശ് ഫോര്‍ സോള്‍ഡ്യേഴ്‌സ് (സൈനികര്‍ക്കുള്ള സന്ദേശം) എന്ന പേരിലാണ് ക്യാമ്പയിന് തുടക്കംകുറിച്ചിരിക്കുന്നത്. ദിപാവലി ആഘോഷം വരെ പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ് ക്യാമ്പയിന്‍. സൈനികര്‍ക്ക് പ്രോത്സാഹനം നല്‍കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പ്രചാരണം നല്‍കുകയാണ് ലക്ഷ്യം.
ചലച്ചിത്ര, കായിക താരങ്ങള്‍ അടക്കം പ്രമുഖരുടെ സൈനികരെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കും. നമോ മൊബൈല്‍ ആപ്, വെബ്‌സൈറ്റ്, ദൂരദര്‍ശന്‍ തുടങ്ങിയവയിലൂടെയാകും സന്ദേശ പ്രചാരണം.

10 കോടി ജനങ്ങളെയെങ്കിലും ക്യാമ്പയിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. 2014ലെ ദിപാവലി ജമ്മുകശ്മീരിലെ പ്രളയബാധിതര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ആഘോഷിച്ചത്.
2015ലെ ദീപാവലി ലോകത്തിലെ ഏറ്റവും ഉയരംകൂടിയായ യുദ്ധഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിയാച്ചിനില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പമായിരുന്നു. ഇത്തവണയും കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയാത്തവര്‍ക്കൊപ്പമായിരിക്കും മോദിയുടെ ദീപാവലി ആഘോഷമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Web Desk: