ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് പറയുന്ന മോദി രാജ്യത്തെ വിറ്റുകഴിഞ്ഞതായി രാഹുല്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആക്രമണം.
റഫാല്‍ വിമാനങ്ങള്‍ ലഭ്യമാക്കും എന്ന കാര്യത്തില്‍ ഫ്രാന്‍സ് ഉറപ്പ് നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തേണ്ടി വന്നതോടെയാണ് മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. റാഫേല്‍ വിഷയത്തില്‍ മോദി തുടരെ കള്ളം പറയുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. #BikGayaChowkidar (കാവല്‍ക്കാരന്‍ വിറ്റുകഴിഞ്ഞു) എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
നേരത്തെ ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണപരിപാടിയിലും രാഹുല്‍ മോദിക്കെതിരെ തുറന്നടിച്ചു. മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല കള്ളനാണെന്നായിരുന്നു രാഹുലിന്റെ കറ്റ്െപ്പടുത്തല്‍. അനില്‍അംബാനിയുടെ കാവല്‍ക്കാരനായി രാജ്യത്തെ കോടിക്കണക്കിന് സാധാരണ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മോദിയെന്നും രാഹുല്‍ തുറന്നടിച്ചു.
ഒരു യുദ്ധവിമാനത്തിന് 526 കോടി രൂപക്ക് യുപിഎ സര്‍ക്കാര്‍ ഉറപ്പിച്ച റാഫേല്‍ കരാര്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോവുന്നത് 1600 കോടിരൂപക്കാണെന്നും രാഹുല്‍പറഞ്ഞു. റാഫേലില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഡയറക്ടറായ അലോക് വര്‍മ വെളിപ്പെടുത്തിയതോടെയാണ് അദ്ദേഹത്തെ അര്‍ധരാത്രിയില്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിക്കും നരേന്ദ്രമോദിക്കും ഈ അഴിമതിയില്‍ പങ്കുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലെ അഴിമതി കോടതി നിരീക്ഷണത്തോടെ പരിശോധിക്കണമെന്ന ഹര്‍ജിയില്‍ വാദപ്രതിവാദത്തിന് ശേഷം വിധിപറയാന്‍ മാറ്റിവെച്ച പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍.
റാഫേല്‍ ഇടപാടില്‍ മോദിയുടെ പങ്കാളിത്തം തുറന്നുകാട്ടി കോണ്‍ഗ്രസ്. വിമാന വില നിര്‍ണയം, സോവറിന്‍ ഗ്യാരണ്ടി, നിയമനടപടികള്‍ ഇന്ത്യയില്‍ നിന്നും മാറ്റിയത് എന്നിവയില്‍ അന്തിമ തീരുമാനം മോദിയുടേതായിരുന്നു എന്നാണ് കോണ്‍ഗ്രസ് വാദം. ഇടപാടില്‍ മോദി നേരിട്ട് ഇടപെട്ടെന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. 5.2 ബില്യണില്‍ നിന്നും വിമാന വില 8.2 ബില്ല്യണാക്കിയത് മോദിയാണെന്നും ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ലെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ചൂണ്ടിക്കാട്ടി. സോവറിന്‍ ഗ്യാരണ്ടി വാങ്ങണമെന്ന നിയമമന്ത്രാലയത്തിന്റെയും എയര്‍ അക്വിസിഷന്‍ വിഭാഗന്റെയും നിര്‍ദേശം പ്രധാനമന്ത്രി തള്ളി. ഇടപാടിലെ നിയമനടപടികള്‍ സര്‍ക്കാരുകള്‍ തമ്മിലാണെന്ന മാനദണ്ഡം ഇന്ത്യയും ദസോയും എന്ന നിലയിലേക്ക് മാറ്റിയതും പ്രധാനമന്ത്രിയാണ്. ഇന്ത്യന്‍ ആര്‍ബിട്രേഷന്‍ നിയമപ്രകാരം നിയമ നടപടികള്‍ ഇന്ത്യയിലായിരിക്കണമെന്ന നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം നിരസിച്ച് സ്വിസര്‍ലണ്ടിലേക്ക് മാറ്റി. നെഗോസിയേഷന്‍ കമ്മിറ്റിയെ തള്ളി 2016 ജനുവരിയില്‍ വിലപേശലിനായി ഫ്രാന്‍സിലെത്തിയത് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.