X

മോദിയെ വിമര്‍ശിച്ച് ബാബാ രാംദേവും; നോട്ടുനിരോധനം അഴിമതിയുടെ ഭാഗമെന്ന് രാംദേവ്

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് യോഗാ ഗുരു ബാബാ രാംദേവും രംഗത്ത്. നോട്ട് അസാധുവാക്കല്‍ തീരുമാനം അഞ്ച് ലക്ഷം കോടിയോളം രൂപയുടെ അഴിമതിക്ക് വഴിവെച്ചുവെന്ന് രാംദേവ് പറഞ്ഞു. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് നോട്ടുവിഷയത്തില്‍ രാംദേവ് മോദിയെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

മോദി ബാങ്ക് ഉദ്യോഗസ്ഥരാല്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. അഞ്ചു ലക്ഷം കോടിയോളം രൂപവരെ അഴിമതി ഉണ്ടാകുന്നതിന് നോട്ട് പിന്‍വലിക്കല്‍ കാരണമായി. നോട്ടുപിന്‍വലിക്കല്‍ നടപ്പാക്കുന്നതിലും വീഴ്ച്ച പറ്റി. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുള്ളതായി സംശയിക്കുകയാണെന്നും രാംദേവ് പറഞ്ഞു.

അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേ സീരിയല്‍ നമ്പറില്‍ അടിച്ചിട്ടുണ്ടാകുമോ എന്ന സംശയവും രാംദേവ് ഉന്നയിക്കുന്നു. അങ്ങനെയാണെങ്കില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും രാംദേവ് പറയുന്നു. നേരത്തെ നോട്ടുപിന്‍വലിക്കലിലൂടെ മോദി അഴിമതി നടത്തിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. അഴിമതിയുടെ തെളിവുകള്‍ കയ്യിലുണ്ടെന്നും പാര്‍ലമെന്റില്‍ അവസരം ലഭിക്കുകയാണെങ്കില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതിന് ശേഷമാണ് അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ബാബാ രാംദേവ് രംഗത്തെത്തുന്നത്.

chandrika: