X

ധ്യാനത്തിനിരിക്കാന്‍ മോദി കന്യാകുമാരിയില്‍

ധ്യാനനിമഗ്‌നനാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് മോദി കന്യാകുമാരിയില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷമായിരിക്കും അദ്ദേഹം ധ്യാനം ആരംഭിക്കുക. ബോട്ട് വഴി അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മാരകത്തില്‍ എത്തും. വൈകീട്ട് മുതല്‍ മറ്റന്നാള്‍ ഉച്ചവരെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദര്‍ശകര്‍ക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല. സൂര്യാസ്തമയം കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിന് തുടക്കമിടും. ലോക്സഭാ തെരഞ്ഞെടുപ്പ് അവാസനഘട്ടത്തിന്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയത്. റോഡ് ഷോയും റാലികളുമായി ഈ തെരഞ്ഞെടുപ്പ് കാലത്തെ ഇരുനൂറോളം പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി.

വിവേകാനന്ദപ്പാറയില്‍ സൂര്യാസ്തമയത്തിന് സാക്ഷിയാകും. അതിന് പിന്നാലെ ധ്യാനമണ്ഡപത്തില്‍ ധ്യാനമിരിക്കും. താമസം വിവേകാനന്ദ സെന്ററില്‍. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് മടക്കം. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്. ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ വിവേകാനന്ദപ്പാറയിലെത്തരുതെന്ന് നിര്‍ദേശമുണ്ട്. സമീപത്തെ കടകളുടെ പ്രവര്‍ത്തിന് നിയന്ത്രണമുണ്ട്. 1,000 പൊലീസുകാരെ വിന്യസിച്ചു. കൂടാതെ കോസ്റ്റല്‍ പൊലീസിന്റെ പട്രോളിങ് സംഘവും. എസ്പിജി കമാന്‍ഡോകളുടെ 10 അംഗ സംഘം കന്യാകുമായിലെത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.

2014ല്‍ പ്രതാപ്ഗഢിലും 2019ല്‍ കേദാര്‍നാഥിലെ രുദ്ര ഗുഹയിലുമായിരുന്നു തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ മോദി. രാജ്യത്തിന്റെ തെക്കിനെയും വടക്കിനെയും ഒന്നിച്ചു നിര്‍ത്തുകയെന്ന സന്ദേശം മുന്നോട്ടുവയ്ക്കുക, വിശ്വാസരാഷ്ട്രീയം, കൊല്‍ക്കത്ത മേഖലയുള്‍പ്പെട്ട 9 സീറ്റുകള്‍ വിധിയെഴുതുന്നതിന് മുന്‍പ് ബംഗാളിന്റെ വികാരമായ വിവേകാനന്ദനെ ഉയര്‍ത്തിപ്പിടിക്കുക കൂടി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുണ്ട്.

webdesk13: