X
    Categories: MoreViews

ഗുജറാത്തില്‍ ഇന്ന് മോദിയും രാഹുലും മുഖാമുഖം

സൂറത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് വീണ്ടും ഗുജറാത്തില്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റാലികളില്‍ ജനപങ്കാളിത്വം കുറവായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദി ഗുജറാത്തിലെത്തുന്നത്. സൌരാഷ്ട്രയിലും സൂറത്തിലുമായി നാല് റാലികളില്‍ പ്രധാനമന്ത്രിയും രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ രാഹുല്‍ ഗാന്ധിയും പ്രചാരണം നടത്തും.

ഈ സാഹചര്യത്തില്‍ ഇന്നത്തെ റാലികളില്‍ പരമാവധി ആളെക്കൂട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനായി ഗുജറാത്തിന്റെ മകനെ കാണാനെത്തൂ എന്ന പേരില്‍ പ്രത്യേക പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്നുണ്ട്. തിങ്കളാഴ്ച നടന്ന റാലികളില്‍ ഗുജറാത്തി പ്രാദേശിക വികാരം ഉണര്‍ത്തിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.

ഇന്നും നാളെയുമായി രണ്ടുദിവസമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗുജറാത്തില്‍ പര്യടനംനടത്തുക. ഗിര്‍, സോമനാഥ്, ജുനാഗഡ്, അംരേലി, ഭാവ്‌നഗര്‍ എന്നിവിടങ്ങളിലാണ് പ്രചാരണപരിപാടികള്‍. സമ്മേനങ്ങളും, റോഡ് ഷോയും മാത്രമല്ല, സോമനാഥ് ക്ഷേത്രമുള്‍പ്പെടെ ആരാധനാലയങ്ങളിലും സന്ദര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമുള്ള രാഹുലിന്റെ ആറാമത്തെ ഗുജറാത്ത് സന്ദര്‍ശനമാണിത്.

അതേ സമയം ഗുജറാത്തി വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇന്നലെ രംഗത്തെത്തിയിരുന്നു. പൂര്‍ണമായും വ്യക്തി കേന്ദ്രീകൃതമായ പ്രചാരണമാണ് മോദി കഴിഞ്ഞ ദിവസം നടത്തിയത്. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വ്യക്തിയെ ചൊല്ലിയുള്ള തെരഞ്ഞെടുപ്പല്ലെന്നും വാഗ്ദാനം ചെയ്തിട്ടും 42 മാസം കഴിഞ്ഞിട്ടും എത്താത്ത നല്ല നാളുകള്‍ ചോദിച്ചു കൊണ്ടുള്ളതാണെന്നും ചിദംബരം പറഞ്ഞു. മണ്ണിന്റെ മകന്‍ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നോ എന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ പ്രചാരണം തന്നെ കുറിച്ചും തന്റെ ഭൂത കാലത്തെ കുറിച്ചും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള അവഗണനയെ കുറിച്ചുമായിരുന്നു.

അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നു പോയോ? രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച്, നിക്ഷേപത്തെ കുറിച്ച്, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച, പണപ്പെരുപ്പം, കയറ്റുമതി മുരടിപ്പ് എന്നീ വിഷയങ്ങളെ കുറിച്ച് എന്തു കൊണ്ട് അദ്ദേഹം സംസാരിക്കുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.

ഗാന്ധിജി ഗുജറാത്തിന്റെ പുത്രനും ഇന്ത്യക്കാരനുമായിരുന്നെന്നത് മോദി മറന്നു. അദ്ദേഹത്തെ രാഷ്ട്രപിതാവായാണ് ആദരിച്ചത്. സ്വാതന്ത്ര്യ പോരാട്ടത്തിന് മാര്‍ഗമായി അദ്ദേഹം കോണ്‍ഗ്രസിനെയാണ് കണ്ടതെന്നും ചിദംബരം ഓര്‍മിപ്പിച്ചു. നിരാശ ബാധിച്ച ബി.ജെ.പിയും മോദിയും ഇപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ മുറുകെ പിടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതേ സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് മുന്നോട്ടു വെച്ച ഭിന്നിപ്പിന്റെ ആശയത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

chandrika: