ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്ന നടപടിയെ പരിഹസിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്. താന്‍ മൗനിയായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് മോദി കളിയാക്കി പറഞ്ഞിരുന്നത്. പക്ഷേ, മാധ്യമങ്ങളെ കാണുന്നതില്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
‘പലരും ഞാന്‍ മൗനിയായ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനൊരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാണിച്ചിട്ടില്ല. ഞാന്‍ മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകള്‍ക്ക് ശേഷവും വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു’- മന്‍മോഹന്‍സിങ് പറഞ്ഞു.
ഇന്നലെ ബി.ജെ.പി ആസ്ഥാനത്ത് ആദ്യമായി മോദി വാര്‍ത്താ സമ്മേളനത്തിന് മുഖം കൊടുത്തെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ തയാറായില്ല. അമിത്ഷായോടൊപ്പം വന്ന മോദി പാര്‍ട്ടി അധ്യക്ഷനു മുന്നില്‍ താന്‍ അച്ചടക്കം പാലിക്കുന്നുവെന്നു മാത്രം പറയുകയായിരുന്നു. വലിയ തരത്തിലുള്ള ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇതു പാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍.