X

ഭരണഘടനക്കെതിരായ മോദിയുടെയും അമിത് ഷായുടെയും ആക്രമണം അംഗീകരിക്കില്ല- രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഭരണഘടനയെ ആക്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ‘ഭരണഘടനക്കെതിരെ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം സ്വീകാര്യമല്ല. ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഒരു ശക്തിക്കും ഭരണഘടനയെ തൊടാനാവില്ലെന്നും’ രാഹുൽ ഗാന്ധി പറഞ്ഞു.

1975ൽ നടപ്പാക്കിയ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പൗരാവകാശങ്ങൾ താൽകാലികമായി നിർത്തിവച്ചു. പ്രതിപക്ഷ നേതാക്കളെയും വിമതരെയും ജയിലിലടച്ചു.

പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. നമ്മുടെ ഭരണഘടനയെ സംരക്ഷിച്ചുകൊണ്ടും, ഇന്ത്യയുടെ ജനാധിപത്യത്തെയും ജനാധിപത്യ പാരമ്പര്യങ്ങളെയും ഉൾകൊണ്ടും 50 വർഷം മുമ്പ് ചെയ്ത ഇത്തരം ഒരു കാര്യം ഇന്ത്യയിൽ ആരും ചെയ്യാൻ ധൈര്യപ്പെടില്ല എന്ന കാര്യം രാജ്യത്തെ ജനങ്ങൾ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ത്യൻ ഭരണഘടനയുടെ നിർദേശങ്ങൾ അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരും.ഞങ്ങളുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തൊടാൻ കഴിയില്ല. ഞങ്ങൾ അത് സംരക്ഷിക്കും’- രാഹുൽ ഗാന്ധി വ്യക്തമാക്കി.

webdesk13: