ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചു. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ചാണ് മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത്. അതേ സമയം വിപണിയുടെ പ്രതികൂല സാഹചര്യം കാരണം അമിത്ഷായുടെ സമ്പത്ത് കുറഞ്ഞു.
ജൂണ്‍ 30 വരെ മോദിയുടെ മൊത്തം ആസ്തി 2.85 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ മോദിയുടെ ആസ്തി 2.49 കോടിയായിരുന്നു. ഇതിനേക്കാള്‍ 36 ലക്ഷത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെയാണ് ഈ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 3.3 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും 33 ലക്ഷം സുരക്ഷിത നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവുമാണ് പ്രധാനമന്ത്രിയുടെ ആസ്തി വര്‍ധനവിന്റെ പ്രധാന ഉറവിടം.
അതേസമയം അമിത്ഷായുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 32.3 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ സമ്പന്ന കുടുംബത്തില്‍ പെട്ട അമിത്ഷായുടെ നിക്ഷേപങ്ങള്‍ ഓഹരി വിപണിയിലും തകര്‍ച്ച നേരിട്ടു.
ജൂണ്‍ അന്ത്യം വരെയുള്ള കണക്കു പ്രകാരം 31,450 രൂപയാണ് മോദിയുടെ കൈയിലുള്ളത്. ഗാന്ധി നഗറിലുള്ള എസ്ബിഐ ബ്രാഞ്ചില്‍ 3,38,173 രൂപയുടെ നിക്ഷേപവും എഫ്ഡിആര്‍ എംഒഡി എന്നിവയായി ഇതേ ബാങ്കിലെ നിക്ഷേപം 1,60,28,939 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1.27 കോടി രൂപയായിരുന്നു.
രണ്ടു ലക്ഷം രൂപയാണ് പ്രധാനമന്ത്രിക്ക് ശമ്പളമായുള്ളത്. ഗാന്ധി നഗറില്‍ 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥലവും വീടുമാണ് ആസ്തി വിവരക്കണക്കില്‍ ഉള്‍പെടുത്തിയത്. വായ്പയോ സ്വന്തം പേരില്‍ വാഹനങ്ങളോ അദ്ദേഹത്തിനില്ലെന്നും പറയുന്നു. 1.5 ലക്ഷം വില വരുന്ന നാല് സ്വര്‍ണ മോതിരങ്ങള്‍ മോദിക്ക് സ്വന്തമായുണ്ട്.