നൂറുജന്മം ജനിച്ചാലും സ്വർഗത്തിൽ പോകാനാകാത്ത പാപങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ചെയ്തിട്ടുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുറന്നടിച്ചു. ജനങ്ങളുടെ ശാപമേറ്റ ഇരുവർക്കും നരകമേ ലഭിക്കൂ എന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ കൂട്ടിച്ചേർത്തു.
അംബേദ്കർ, അംബേദ്കർ എന്നിങ്ങനെ ഉച്ചരിച്ചുകൊണ്ടിരിക്കുന്ന അത്രയും നേരം ഭഗവാന്റെ പേര് ചൊല്ലിയിരുന്നെങ്കിൽ ഏഴ് സ്വർഗം ലഭിക്കുമായിരുന്നുവെന്ന അമിത് ഷായുടെ പരിഹാസത്തെയാണ് അംബേദ്കറിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മാഹുവിൽ അതിനിശിതമായ ഭാഷയിൽ ഖാർഗെ വിമർശിച്ചത്.
ഏഴ് ജന്മം പോയിട്ട് നൂറുജന്മം ജനിച്ചാലും പൊറുക്കാത്ത പാപങ്ങൾ ചെയ്തവരാണ് മോദിയും അമിത് ഷായുമെന്ന ഖാർഗെയുടെ വാക്കുകൾ റാലിക്കെത്തിയ കോൺഗ്രസിന്റെ ലക്ഷത്തോളം പ്രവർത്തകർ ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. രാജ്യത്ത് ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ പോരാടിയേ മതിയാകൂ. എങ്കിലേ അമിത് ഷായെ പോലുള്ളവർ പുറത്താകൂ. ആർ.എസ്.എസും ബി.ജെ.പിയും രാജ്യദ്രോഹികളാണ്.
ഈ പറഞ്ഞത് എന്റെ വാക്കുകളല്ല, മറിച്ച് പട്ടേലിന്റെയും നെഹ്റുവിന്റെയും വാക്കുകളാണ്. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ ആഘോഷിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്ത ആർ.എസ്.എസിനെതിരെ നടപടിയെടുക്കാതെ നിവൃത്തിയില്ലെന്ന് പറഞ്ഞ് സർദാർ വല്ലഭ്ഭായ് പട്ടേൽ ആണ് അവരെ നിരോധിച്ചത്.
ഗാന്ധിജിയെ വധിച്ചതിന് മിഠായി വിതരണം നടത്തിയവരെ ഇന്ത്യക്കാരെന്ന് വിളിക്കരുതെന്ന് നെഹ്റുവും പറഞ്ഞു. പള്ളികൾക്ക് താഴെ ശിവലിംഗമില്ലെന്നും എന്നാൽ എല്ലാ പള്ളികൾക്കും താഴെ ശിവലിംഗമുണ്ടോ എന്ന് നോക്കാൻ ബി.ജെ.പി പ്രവർത്തകരെ പ്രേരിപ്പിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
ഇപ്രാവശ്യം 400 കടക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്ത്രി നായിഡുവിന്റെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും രണ്ട് കാലുകളിൽനിന്നാണ് ഭരണം നടത്തുന്നത്. അവരിലൊരാൾ കാൽ വലിക്കുന്നതോടെ മോദി സർക്കാർ നിലംപതിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
മതത്തിൽ വിശ്വസിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മതത്തിന്റെ പേരിൽ പാവങ്ങളെ കൊലപ്പെടുത്തുന്നതെന്തിനാണ്? ഗംഗാ സ്നാനം കൊണ്ട് രാജ്യത്തെ ദാരിദ്ര്യം മാറില്ല. ഇത് പറഞ്ഞ് താൻ ആരുടെയെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തുകയല്ല. അങ്ങനെ വ്രണപ്പെട്ടെങ്കിൽ ക്ഷമാപണം നടത്തുകയാണെന്നും ഖാർഗെ പറഞ്ഞു.