X

കേരളത്തില്‍ നിന്നുള്ള തട്ടമിട്ട ജനപ്രതിനിധിയെ ഗുജറാത്തിലെ മോദിയുടെ പരിപാടിയില്‍ നിന്നും പുറത്താക്കി

അഹമ്മദാബാദ്: അഹമ്മബദാബാദിലെ മോദിയുടെ പരിപാടിയില്‍ തട്ടമിട്ട് പങ്കെടുക്കാനെത്തിയ വനിതാ ജനപ്രതിനിധിക്ക് വിലക്ക്. ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി നടത്തുന്ന പരിപാടിയായ സ്വച്ഛ് ശക്തി പരിപാടിയിലാണ് കേരളത്തില്‍ നിന്നുള്ള ശഹര്‍ബാനത്തിനെ വിലക്കിയത്. വയനാട്ടിലെ മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ശഹര്‍ബാനത്ത്.

സുരക്ഷയുടെ ഭാഗമായി പരിപാടി നടക്കുന്നതിന് മുമ്പ് എല്ലാവരേയും പരിശോധിച്ചിരുന്നു. പക്ഷേ തലയില്‍ തട്ടമിട്ടതിനെ തുടര്‍ന്ന് ശഹര്‍ബാനെ സംഘാടകര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു തടഞ്ഞത്. കറുത്ത തട്ടമായതിനാല്‍ മോദിക്കെതിരെയുള്ള പ്രതിഷേധത്തിന് സാധ്യതയുണ്ടാകുമെന്ന് കരുതിയാണ് വിലക്കെന്നാണ് സംഘാടകര്‍ പറഞ്ഞത്. വിലക്കിയതിനെതുടര്‍ന്ന് ശഹര്‍ബാന്‍ തട്ടം അഴിച്ചെടുത്ത് സംഘാടകര്‍ക്ക് നല്‍കി. പിന്നീട് പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറായി. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മറ്റു ജനപ്രതിനിധികള്‍ ഇടപെട്ട് സ്ഥലം എസ്.പിയോട് പരാതിപ്പെട്ടു. തുടര്‍ന്ന് തട്ടമിടാന്‍ അനുമതി നല്‍കുകയുമായിരുന്നു. പിന്നീട് തട്ടമിട്ടുകൊണ്ടാണ് ശഹര്‍ബാന്‍ പരിപാടിയില്‍ പങ്കെടുത്തത്.

6000വനിതകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകളടങ്ങിയ 100 അംഗ ടീമാണ് പരിപാടിയില്‍ പങ്കെടുക്കാനായി അഹമ്മദാബാദിലെത്തിയിരിക്കുന്നത്.

chandrika: