ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണെന്ന് മോദി ചോദിച്ചു. കോവിഡ് രോഗം തടയുന്നതിന് ശക്തമായ എന്തു ഇടപെടലാണ് യുഎന്‍ കൈക്കൊണ്ടിട്ടുള്ളതെന്നും മോദി. ഐക്യരാഷ്ട്ര സഭയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തണം. യുഎന്നില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവന്‍ കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ സംയുക്ത പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയാണുള്ളത്? ഫലപ്രദമായ എന്തു നടപടിയാണ് യുഎന്‍ കൈക്കൊണ്ടത്? മോദി ചോദിക്കുന്നു. ഭീകരാക്രമണങ്ങളില്‍ രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ യുഎന്‍ എന്തെടുക്കുകയായിരുന്നെന്നും മോദി ചോദിച്ചു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇനിയും സ്ഥിരാംഗത്വം നല്‍കാത്തതെന്താണെന്ന് മോദി ചോദിച്ചു.ഇന്ത്യ ദുര്‍ബലരായിരുന്നപ്പോഴും ശക്തരായപ്പോഴും ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇന്ത്യ വികസനത്തിനായി സഖ്യങ്ങള്‍ ഉണ്ടാക്കുന്നത് മറ്റാരെയും തോല്‍പിക്കാനല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഐക്യരാഷ്ട്ര സഭയെ മാനിക്കുന്നു. സംഘടനയില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് മോദി ആവശ്യപ്പെട്ടു.
മോദിയുടെ മുന്‍കൂട്ടി റെക്കോര്‍ഡുചെയ്‌ത പ്രസംഗം ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലി ഹാളില്‍ (വൈകുന്നേരം 6:30 മുതലാണ് പ്രക്ഷേപണം ചെയ്തത്.