ന്യൂഡല്‍ഹി: മോദി ദളിത് വിരുദ്ധനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹുങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഏത് മണ്ഡലത്തില്‍ മത്സരിക്കുന്നുവോ, അവിടെനിന്ന് താനും ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ആസാദ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ ഭീം ആര്‍മി സംഘടിപ്പിച്ച റാലിക്കിടെ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. പൊലീസ് കസ്റ്റഡിയില്‍ തളര്‍ന്നുവീണ അദ്ദേഹത്തെ പിന്നീട് ആസ്പത്രിയിലേക്ക് മാറ്റി. ആസ്പത്രി കിടക്കയില്‍നിന്ന് ഫേസ്ബുക്ക് ലൈവിലൂടെ പ്രവര്‍ത്തകരോട് ജന്ദര്‍ മന്തറില്‍ സംഘടിക്കാനും മോദി ഭരണത്തിനെതിരെ പ്രതിഷേധിക്കാനും ആഹ്വാനം ചെയ്ത അദ്ദേഹം പിന്നീട് ആസ്പത്രിയില്‍ നിന്ന് ജന്ദര്‍മന്തറിലെത്തി പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഞാന്‍ ബനാറാസിലേക്ക് പോവുകയാണ്. മോദിയെ തോല്‍പ്പിക്കാന്‍ നിങ്ങളുടെ സഹായം എനിക്ക് വേണം. അദ്ദേഹം ദളിത് വിരുദ്ധനാണ്. അതിനുള്ള ശിക്ഷ അദ്ദേഹത്തിന് നല്‍കണം. ജനാധിപത്യത്തില്‍ പൊതുജനമാണ് എല്ലാമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. വരാണസിയില്‍ താന്‍ മത്സരിക്കുമെന്ന്് പ്രഖ്യാപിച്ചതിനു പിന്നാലെ ദളിതരെ മോദി ഭരണകൂടം തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്നും ആസാദ് ആരോപിച്ചു.