ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണ പരിപാടികള്‍ക്കുമായി ചെലവഴിച്ചത് 3044 കോടി രൂപ. ബി.എസ്.പി. നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും ചെലവഴിക്കേണ്ട തുകയാണ് മോദി പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചതെന്നും മായാവതി പറഞ്ഞു. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിനെ പോലൊരു പിന്നോക്ക സംസ്ഥാനത്തിന് ആ പണം ഏറെ ആവശ്യമായിരുന്നെന്നും അവര്‍ പറഞ്ഞു.
ബി.ജെ.പിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ ആവശ്യമായി തോന്നുന്നത് പരസ്യങ്ങള്‍ ചെയ്ത് ജനങ്ങളെ വശീകരിക്കുകയാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
കല്ലറകളില്‍ നിന്നും പഴയ പ്രേതങ്ങളെ പുറത്തേക്ക് കൊണ്ടുവന്ന് സര്‍ക്കാരിന്റെ തെറ്റുകളെ മറയ്ക്കാന്‍ ശ്രമിക്കുകയാണ് മോദി ചെയ്യുന്നത്. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മോദിയുടെ ശ്രമം. ഇത് തെരഞ്ഞെടുപ്പില്‍ ഒരു വിഷയമാകാതിരിക്കാനുള്ള ശ്രമമാണത്. ജനങ്ങള്‍ ഈ തട്ടിപ്പില്‍ വീണുപോകരുതെന്നും മായാവതി ട്വീറ്റ് ചെയ്തിരുന്നു.