ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിലെ മന്ത്രിസഭാ വകുപ്പുകൾ പ്രഖ്യാപിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായാണ് ആഭ്യന്തര മന്ത്രി. മുൻ പ്രതിരോധമന്ത്രി നിർമല സീതാരാമമന് ധനകാര്യത്തിന്റെയും മുൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് പ്രതിരോധ വകുപ്പിന്റന്റെയും ചുമതലകൾ ലഭിച്ചു.
ധനകാര്യവകുപ്പിന്റെ പൂർണ ചുമതലയുള്ള ആദ്യത്തെ വനിതാമന്ത്രിയായി നിർമല സീതാരാമൻ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് പ്രതിരോധവകുപ്പിൽ കാര്യമായ മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത നിർമലക്ക് ധനകാര്യം നൽകിയത് എന്നത് ശ്രദ്ധേയമാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഒന്നാം മോദി സർക്കാറിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയെ ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. മലയാളിയായ വി. മുരളീധരന് വിദേശകാര്യ, പാർലമെന്ററി കാര്യ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനം ലഭിച്ചു.
ആണവോർജ, ബഹിരാകാശ വകുപ്പുകൾ പ്രധാനമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യും. നിതിൻ ഗഡ്കരിക്ക് കഴിഞ്ഞ തവണത്തേതു പോലെ ഉപരിതല ഗതാഗത, ഹൈവേ വകുപ്പുകളുടെ ചുമതലയാണ്. കഴിഞ്ഞ തവണ മാനവശേഷി വകുപ്പ് മന്ത്രി എന്ന നിലയിലെ പ്രവർത്തനങ്ങൾ കൊണ്ട് കുപ്രസിദ്ധയായ സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് ലഭിച്ചിരിക്കുന്നത്. പ്രകാശ് ജാവദേക്കർ ആണ് വിവര, വിനിമയ മന്ത്രി. റാം വിലാസ് പാസ്വാന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലഭിച്ചു.
മറ്റു വകുപ്പുകൾ: അർജുൻ മുണ്ട (ഗോത്രവർഗ വകുപ്പ്), അരവിന്ദ് സാവന്ത് (ഹെവി ഇൻഡസ്ട്രീസ്, പബ്ലിക് എന്റർപ്രൈസ്), ധർമേന്ദ്ര പ്രധാൻ (പെട്രോളിയം – നാച്ചുറൽ ഗ്യാസ്), ഡോ. ഹർഷ് വർധൻ (ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതികം, ഭൂമി ശാസ്ത്രം), മഹേന്ദ്‌നാഥ് പാണ്ഡെ (സംരംഭക വകുപ്പ്), ഡോ. എസ് ജയശങ്കർ (വിദേശകാര്യം), സദാനന്ദ ഗൗഡ (കെമിക്കൽ, വളം വകുപ്പ്), ഗജേന്ദ്ര സിങ് ശിഖാവത്ത് (ജൽശക്തി), ഗിരിരാജ് സിങ് (മൃഗക്ഷേമം, ഫിഷറീസ്), ഹർസിംറത്ത് കൗർ ബാദൽ (ഭക്ഷ്യവകുപ്പ്), മുഖ്താർ അബ്ബാസ് നഖ്‌വി (ന്യൂനപക്ഷകാര്യം), നരേന്ദ്ര സിങ് തോമർ (കൃഷി, ഗ്രാമവികസനം, പഞ്ചായത്തിരാജ്), പീയൂഷ് ഗോയൽ (റെയിൽവേ, കൊമേഴ്‌സ്, ഇൻഡസ്ട്രി), പ്രകാശ് ജാവദേക്കർ (പരിസ്ഥിതി, കാലാവസ്ഥ, വനം, ഇൻഫർമേഷൻ-ബ്രോഡ്കാസ്റ്റിങ്), പ്രൽഹാദ് ജോഷി (പാർലമെന്ററി കാര്യം), രമേഷ് പി നിഷാങ്ക് (മാനവ വിഭവശേഷി), രവിശങ്കർ പ്രസാദ് (നിയമം, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ഐ.ടി), ത്വർചന്ദ് ഗെഹലോട്ട് (സാമൂഹ്യനീതി ശാക്തീകരണം).
മൊത്തം 57 മന്ത്രിമാരാണ് ഇത്തവണ മോദി സർക്കാറിന്റെ ഭാഗമായുള്ളത്. മുൻ മന്ത്രിസഭയിൽ നിന്ന് 37 പേരെ ഒഴിവാക്കിയിട്ടുണ്ട്. സുഷമ സ്വരാജ്, ഉമാ ഭാരതി, ജയന്ത് സിൻഹ, രാജ്യവർധൻ റാത്തോഡ് തുടങ്ങിയവർക്ക് പുതിയ മന്ത്രിസഭയിൽ അംഗത്വമില്ല.