വാഷിങ്ടണ്‍: തങ്ങള്‍ നിര്‍മിച്ച കോവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി മൊഡേണ. അമേരിക്കയിലും യൂറോപ്പിലും വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി തേടി അധികൃതരെ സമീപിക്കുമെന്നും നിര്‍മാതാക്കളായ മൊഡേണ വ്യക്തമാക്കി. അനുമതി തേടി ഇന്ന് തന്നെ അപേക്ഷ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
അവസാനഘട്ട പരീക്ഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വാക്‌സിന്‍ 94 ശതമാനവും ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മൊഡേണ അവകാശപ്പെടുന്നു.
30,000 പേരില്‍ നടത്തിയ പരീക്ഷണത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ക്കും മറ്റു വസ്തു നല്‍കിയ 185 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്‌സിന് പകരം മറ്റു വസ്തുക്കള്‍ നല്‍കിയ വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു. ഇതില്‍ നിന്നാണ് ഗുരുതര രോഗബാധ തടയുന്നതില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയത് എന്നാണ് മൊഡേണ വ്യക്തമാക്കിയത്.
അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സിനായിരിക്കും മൊഡേണയുടേത്. കോവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കാന്‍ കഴിയുന്ന എല്ലാ വിവരങ്ങളും കൈവശമുണ്ടെന്നാണ് മോഡേണ അവകാശപ്പെടുന്നത്.
കോവിഡ് വ്യാപനം തടയുന്നതില്‍ തങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മൊഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടാല്‍ സാക്‌സ് പറഞ്ഞു. കോവിഡ് വാക്‌സിന്‍ 94 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമായതോടെ താന്‍ വികാരാധീനനായെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രാപ്തി തെളിഞ്ഞതോടെ താന്‍ കരഞ്ഞു പോയെന്നും സാക്‌സ് പറയുന്നു.
തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോന്‍ടെക്കും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ ഒരാഴ്ച മുമ്പുതന്നെ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യൂറോപ്യന്‍ അധികൃതരെയും സമീപിക്കുമെന്നാണ് മോഡേണ വ്യക്തമാക്കിയിട്ടുള്ളത്.
മൊഡേണയുടെ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് ആയിരുന്നു നവംബര്‍ 16 ന് പുറത്തുവന്ന ഇടക്കാല പരീക്ഷണ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നത്. അതേക്കാള്‍ അല്‍പ്പം ഫലപ്രാപ്തി കുറവാണെന്ന് വ്യക്തമാക്കുന്നതാണ് ഒടുവില്‍ പുറത്തുവന്ന അന്തിമ ഫലങ്ങള്‍. എന്നാല്‍ അതില്‍ ആശങ്ക വേണ്ടെന്നാണ് മോഡേണ പറയുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരത്തെക്കാള്‍ അധികമാണ് ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകളുടെ ഫലപ്രാപ്തിയെന്നാണ് വ്യക്തമായിട്ടുള്ളത്.
മൊഡേണയുടെ പരീക്ഷണ ഫലം വിലയിരുത്താന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിസംബര്‍ 17 ന് യോഗം ചേരുന്നുണ്ട്. ഡിസംബര്‍ പത്തിനാണ് ഫൈസറിന്റെ പരീക്ഷണ ഫലം വിലയിരുത്താനുള്ള യോഗം. അടിയന്തര അനുമതി ലഭിച്ചാലുടന്‍ മൊഡേണയുടെ വാക്‌സിന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി അയയ്ക്കും.