കൊച്ചി: മോഡലുകളുടെ അപകട മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മരണപ്പെട്ട അഞ്ജനയുടെ കുടുംബം. ഇതു സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ അഞ്ജനക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്ന് സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. പിന്നീട് കുണ്ടന്നൂര്‍ ജങ്ഷനില്‍ വച്ച് എന്തോ സംഭവിച്ചു. കാര്‍ നിര്‍ത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം വേണമെന്ന് സഹോദരന്‍ അറിയിച്ചു.
അന്‍സി കബീറിന്റെയും അഞ്ജന സാജന്റെയും മരണവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ നിരീക്ഷിച്ചു വരികയാണ് പൊലീസ്.