ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനത്തില്‍ പറക്കുമ്പോഴും കപ്പലില്‍ യാത്രചെയ്യുമ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സംവിധാനമൊരുങ്ങുന്നു. പദ്ധതി നടപ്പിലാക്കാന്‍ നിയമനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആകാശ, കടല്‍ യാത്രകളില്‍ വോയ്‌സ്, ഡേറ്റാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിമാന, കപ്പല്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളില്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ മാത്രമായിരിക്കും സൗകര്യം ലഭ്യമാകുക. വിമാനം 3000 അടി ഉയരത്തില്‍ എത്തുമ്പോള്‍ യാത്രക്കാര്‍ക്ക് സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കാനാകും. ഇന്ത്യന്‍ ടെലികോം ലൈസന്‍സ് കൈവശമുള്ള പങ്കാളികളുമായി സഹകരിച്ചാണ് വോയ്‌സ്, ഡാറ്റ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഫ്‌ളൈറ്റ് ആന്റ് മാരിടൈം കണക്റ്റിവിറ്റി റൂള്‍സ് 2018 എന്ന പേരിലാണ് നിര്‍ദേശങ്ങള്‍. ടെലികോം നെറ്റ്‌വര്‍ക്കുകളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെയാണ് സേവനം ഉറപ്പാക്കുക.